ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പേരാവൂർ ടൗൺ
പേരാവൂർ : മലയോരമേഖലയിലെ പ്രധാന ടൗണുകളിലൊന്നായ പേരാവൂർ ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ഏറെ തിരക്കേറിയ കൊട്ടിയൂർ, തലശ്ശേരി, ഇരിട്ടി റോഡുകളിൽ ബസ് സ്റ്റോപ്പുകൾക്ക് സമീപത്തെ കടവരാന്തകളും നടപ്പാതയുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. മഴയും വെയിലുമേറ്റ് ബസ് കാത്ത് നില്ക്കേണ്ട ഗതികേടിലാണ് വിദ്യാർഥികളുൾപ്പെടെ ടൗണിലെത്തുന്നവർ. പുതിയ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും ടൗണിലെത്തുന്നവർക്ക് ഉപകാരപ്പെടുന്നുമില്ല.

പേരാവൂർ-കൊട്ടിയൂർ റോഡിൽ താലൂക്കാസ്പത്രി കവലക്ക് സമീപവും ബാലാസ് ബേക്കറിക്ക് സമീപവുമാണ് പഞ്ചായത്തനുവദിച്ച ബസ് സ്റ്റോപ്പുകൾ. രണ്ടിടത്തും കടവരാന്തകളിലും നടപ്പാതകളിലുമാണ് ജനം ബസ് കാത്തുനിൽക്കുന്നത്. ഈ റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുകയാണെങ്കിൽ താഴെ ടൗണിലെത്തുന്നവർക്ക് ഉപകാരപ്രദമാകും. ഒപ്പം ആസ്പത്രി കവലയിലെ ബ്ലോക്ക് ഒഴിവാക്കാനും പറ്റും. പേരാവൂർ-തലശ്ശേരി റോഡിൽ ടൗൺ കവലയ്ക്ക് സമീപമാണ് ഇരുഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ. രണ്ടിടത്തും കടവരാന്തയും നടപ്പാതയുമാണ് ബസ് കാത്ത് നില്ക്കാനുള്ള ഇടങ്ങൾ. റോഡിന്റെ ഇരുവശത്തും ഒരേസമയം ബസുകൾ വന്ന് നിർത്തിയിടുമ്പോൾ ഗതാഗതസ്തംഭനം പതിവാണ്. ഈ റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പേരാവൂർ-ഇരിട്ടി റോഡിൽ പഴയ ബസ് സ്റ്റാൻഡിന് സമീപമാണ് ബസ് സ്റ്റോപ്പുള്ളത്. ഇവിടെ ഉൾവശത്തായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചെങ്കിലും ആർക്കും ഉപകാരമില്ലാതെ കിടക്കുകയാണ്. ആളുകൾ റോഡരികിലെ നടപ്പാതയാണ് ബസ് കാത്ത് നില്ക്കാൻ ആശ്രയിക്കുന്നത്. എതിർഭാഗത്തും കടവരാന്തയും നടപ്പാതയുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ. ടൗണിലെത്തുന്നവർക്ക് ഉപകാരപ്പെടുംവിധം ഈ റോഡിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാൻ കഴിയുമെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മിക്ക ടൗണുകളിലും മോഡുലാർ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നിട്ടും, മലയോരത്തെ പ്രധാനപ്പെട്ട ടൗണായ പേരാവൂരിൽ മഴയും വെയിലുമേറ്റ് ബസ് കാത്ത് നില്ക്കാനാണ് ടൗണിലെത്തുന്നവരുടെ തലവിധി. ഇതിനൊരറുതി വരുത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
