മട്ടന്നൂരിൽ ട്രാഫിക് പരിഷ്കരണം; പ്രധാന റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കും
മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നു. മേയ് 15 മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കരണം വരുത്തുന്നത്. പ്രധാന റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കാൻ നഗരസഭാ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കണ്ണൂർ റോഡിൽ പോലീസ് സ്റ്റേഷൻ വരെയും ഇരിട്ടി റോഡിൽ ഗാന്ധി റോഡ് വരെയുമാണ് ഡിവൈഡറുകൾ സ്ഥാപിക്കുക. തലശേരി റോഡിൽ ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഭാഗത്തും ഡിവൈഡർ സ്ഥാപിക്കും. ഇതടക്കം നടപ്പിലാക്കുന്ന ഗതാഗത ക്രമീകരണങ്ങളുടെ ട്രയൽ റൺ മേയ് 15 മുതലാണ് തുടങ്ങുക.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മട്ടന്നൂർ അമ്പലം റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തും. ക്ഷേത്രം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം തലശേരി റോഡിൽ നിന്ന് കടത്തിവിടും. തിരികെ വരുന്ന ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ക്ഷേത്രക്കുളം ഭാഗത്ത് കൂടിയും തലശേരി ഭാഗത്തേക്ക് പോകേണ്ടവ കൈലാസ് ഓഡിറ്റോറിയത്തിന് പിൻവശത്തെ റോഡ് വഴിയും പോകണം.
തലശേരി റോഡിൽ ഇരുവശവും വാഹനങ്ങൾ നിർത്തിയിടുന്നത് നിയന്ത്രിക്കുമെന്ന് നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് പറഞ്ഞു. പോലീസ് സ്റ്റേഷന് സമീപം പുതുതായി നിർമിച്ച ഹരിതഇടനാഴിയിൽ ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല. വായന്തോട് ജംഗ്ഷനിൽ ദിശാസൂചികകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാരില്ലാത്ത സാഹചര്യത്തിൽ മട്ടന്നൂർ സ്റ്റേഷനിൽ കൂടുതൽ പോലീസുകാരെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഒ. പ്രീത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുഗതൻ, സെക്രട്ടറി പി.അനീഷ്, കൗൺസിലർമാർ, പോലീസ്-മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വ്യാപാരി നേതാക്കൾ, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
