ആർ. സുഗതന്റെ സത്യപ്രതിജ്ഞ നാളെ വിയ്യൂർ ജയിലിൽ; ബിജെപിക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്
കൊച്ചി: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന ബി.ജെ.പി. കൗൺസിലർ ആർ. സുഗതന് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിൽ വളപ്പിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുക. നേരത്തെ നടത്തിയ സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് കോടതി റദ്ദാക്കിയ 20 കൗൺസിലർമാരുടെ പട്ടികയിൽ സുഗതനും ഉൾപ്പെട്ടിരുന്നു. മറ്റുള്ളവർ കോർപ്പറേഷനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാൽ സുഗതന് അതിന് സാധിച്ചിരുന്നില്ല.
സുഗതൻ കൊടും ക്രിമിനലാണെന്നും അതിനാൽ സത്യപ്രതിജ്ഞയ്ക്കായി ജയിലിന് പുറത്തുവിടാൻ കഴിയില്ലെന്നുമുള്ള ശക്തമായ നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ ജനങ്ങൾ നൽകിയ അംഗീകാരമാണ് ജനാധിപത്യത്തിൽ പ്രധാനമെന്നും ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കോടതി നിരീക്ഷിച്ചു. ജനവിധി മാനിച്ചുകൊണ്ടാണ് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ കോടതി അനുമതി നൽകിയത്.
തിരുവനന്തപുരം മേയർ വി.വി. രാജേഷ് അടക്കമുള്ളവർ വിയ്യൂർ ജയിലിലെത്തി സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ചടങ്ങിൽ മിനിമം ഉദ്യോഗസ്ഥരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് നിർദ്ദേശിച്ച കോടതി, അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ജയിൽ സൂപ്രണ്ട് നിശ്ചയിക്കുന്ന സ്ഥലത്തായിരിക്കും സത്യപ്രതിജ്ഞ നടക്കുക.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ നേരിയ ഭൂരിപക്ഷത്തിൽ മുന്നോട്ടുപോകുന്ന ബിജെപിക്ക് ഈ വിധി വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. സുഗതന്റെ അംഗത്വം നഷ്ടമായാൽ അത് ഭരണത്തെ തന്നെ ബാധിച്ചേക്കാവുന്ന സാഹചര്യത്തിലാണ് ബിജെപി നിയമപോരാട്ടം നടത്തിയത്. എന്നിരുന്നാലും, ജയിലിൽ തുടരുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ ഹാജരാകാൻ കഴിയാതിരിക്കുന്നത് ഭാവിയിൽ സുഗതന്റെ അംഗത്വത്തിന് ഭീഷണിയായേക്കാം.
സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കോടതി വിധി അംഗീകരിക്കുന്നുവെന്ന് കെ.എസ്. ശബരിനാഥൻ പറഞ്ഞു. ജയിലിൽ പോയി സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപിക്ക് അപമാനമാണ്. മേയർ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞയ്ക്കായി ജയിലിലേക്ക് പോകുന്നത് പിൻവാതിലിൽ കൂടിയാണെന്നും അദ്ദേഹം വിമർശിച്ചു. സുഗതൻ ഒടുവിൽ പുറത്തുപോകേണ്ടി വരും. കൗൺസിൽ എല്ലാ മാസവും വിളിച്ചു ചേർക്കേണ്ടതാണെന്നും എന്നാൽ എന്തെങ്കിലും അടിയന്തര വിഷയം ഉണ്ടെങ്കിൽ മാത്രം കൗൺസിൽ കൂടിയാൽ മതിയെന്നാണ് മേയർ പറയുന്നതെന്നും ശബരിനാഥൻ ആരോപിച്ചു.
