സഞ്ചാരികളെ കാത്ത് ഈ മനോഹര തീരങ്ങൾ

Share our post

എടക്കാട് : സംസ്ഥാനത്തെ ഏറ്റവും നീളമേറിയ കടൽതീരമുള്ള ജില്ലയാണ് കണ്ണൂർ. സഞ്ചാരികളെ മാടിവിളിക്കുന്ന ബീച്ചുകളും ഈ തീരത്തുണ്ട്. വിദേശ വിനോദസഞ്ചാരികളുൾപ്പെടെയുള്ളവരെ ഏറെ ആകർഷിക്കുന്ന ബീച്ചുകളാണ് കോർപ്പറേഷനിൽപ്പെട്ട എടക്കാട് സോണലിലെ ഏഴര, തോട്ടട, കിഴുന്ന, കടലായി ബീച്ചുകൾ. ശാന്തവും അപകടരഹിതവുമായ ഈ ബീച്ചുകളിൽ സ്വകാര്യത ആഗ്രഹിക്കുന്ന സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.

പൂഴിമണലും പാറക്കെട്ടുകളും നിറഞ്ഞ ബീച്ചുകളാണ് ഇവ. എന്നാൽ കാലങ്ങളായുള്ള അവഗണനയിൽ ഈ ബീച്ചുകൾക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടില്ല.വിശാലമായ പാറക്കെട്ടുകൾ നിറഞ്ഞ ഏഴരക്കടപ്പുറം സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുക. തെങ്ങിൻതോപ്പ് നിറഞ്ഞ തീരപ്രദേശവും അടിച്ചുകയറുന്ന തിരമാലകളും ഏഴരയുടെ സൗന്ദര്യം കൂട്ടുന്നു. പ്രസിദ്ധമായ പാറപ്പള്ളിയും ഏഴര ബീച്ചിനടുത്താണ്.

നിരവധി ആളുകൾ നിത്യേന ഇവിടെ എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ബീച്ചിലേക്കുള്ള റോഡ് വികസിപ്പിച്ച് ഗതാഗതസൗകര്യവും ആവശ്യത്തിന് താമസ സൗകര്യവുമൊരുക്കേണ്ടതുണ്ട്. പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായകമാകും.

സോണലിലെ മറ്റ് ബീച്ചുകളിലും ആവശ്യത്തിന് റോഡ് സൗകര്യമില്ലാത്തത് സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെന്ന നിലയിലുള്ള പ്രചാരം ഈ ബീച്ചുകൾക്ക് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലുടെയും മറ്റ് പ്രചാരണമാർഗങ്ങളിലുടെയും പ്രചാരണം നടത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!