ശബരിമല: നിലയ്ക്കൽ വലിയ ഹബ്ബാകും, വിമാനത്താവളത്തിലെ പോലെ പാർക്കിങ്, 6000 പേർക്കുള്ള വിശ്രമകേന്ദ്രം
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിൽ ഇനി നിലയ്ക്കൽ വലിയ ഹബ്ബായി മാറും. പ്ലാന്റേഷൻ കോർപ്പറേഷന്റെ പക്കൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലയ്ക്കുവാങ്ങിയ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളൊരുങ്ങുകയാണ്. ഈ സ്ഥലത്ത് വനനിയമങ്ങൾ ബാധകമല്ലാത്തതിനാൽ ആവശ്യമായ ജോലികൾ ചെയ്യാൻ തടസ്സമില്ല.
പാർക്കിങ് രീതിയിലാണ് പ്രധാന മാറ്റം വരുക. ഇവിടെ പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം വരും. ഇപ്പോൾ വണ്ടി കയറുമ്പോൾ നിശ്ചിത തുക നൽകിയാൽ എത്രദിവസം വേണമെങ്കിലും കിടക്കാവുന്ന സ്ഥിതിയുണ്ട്. ഇതിനു പകരമായി വിമാനത്താവളങ്ങളിലെപ്പോലെ എക്സിറ്റ് പോയിന്റിൽ ഫാസ്ടാഗ് സംവിധാനമൊരുക്കും. കൂടുതൽ ദിവസം പാർക്ക് ചെയ്താൽ അതനുസരിച്ച് തുക കൂടും. ഇതിനായി കൃത്യമായ എൻട്രി, എക്സിറ്റ് പോയിന്റുകൾ സജ്ജമാക്കും.
നിലയ്ക്കലുള്ള ദേവസ്വം ബോർഡിന്റെ പെട്രോൾ പമ്പിന്റെ നടത്തിപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന് വിട്ടുകൊടുക്കുകയാണ്. ഇതിനുള്ള ചർച്ചകൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ഇതിന്റെ നടത്തിപ്പ് ബോർഡിന് നഷ്ടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലുൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ എ.ഐ. ക്യാമറ വയ്ക്കുമെന്ന് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അഞ്ചുകോടി രൂപ മുടക്കി പോലീസാണ് ചെയ്യുന്നത്. പോലീസുകാർക്ക് താമസത്തിനും മറ്റുമായി അഞ്ച് കെട്ടിടങ്ങൾ നിലയ്ക്കലിൽ ബോർഡ് കൊടുക്കും. അവർക്ക് ഭക്ഷണത്തിനും സൗകര്യമുണ്ടാക്കും. മറ്റു വകുപ്പുകൾക്കും സൗകര്യങ്ങൾ നൽകുന്നുണ്ട്. ദേവസ്വം ബോർഡിന്റെയും കിഫ്ബിയുടെയും ഏതാനും കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഇതിനുശേഷം വരുന്ന സ്ഥലങ്ങളിൽ ഭക്തർക്ക് വിരിവയ്ക്കാൻ പരമാവധി സൗകര്യമൊരുക്കും. ഏറ്റവും കുറഞ്ഞത് 6000 പേർക്കെങ്കിലും ഇരിക്കാനുള്ള സൗകര്യമാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. വലിയ പന്തലിടുന്നുണ്ട്. കൂടുതൽ ശൗചാലയങ്ങൾ നിർമിക്കും.
പോലീസിന്റെ എ.ഐ. ക്യാമറ കൺട്രോൾ റൂമിനായി അർധ-സ്ഥിര സംവിധാനമാണ് ഒരുക്കുക. ഗ്രൗണ്ടിൽ 26 പാർക്കിങ് ലോട്ടുകൾ ഉണ്ടാകും. ഗ്രൗണ്ടിനകത്ത് റോഡുകൾ ടാർ ചെയ്യാനുള്ള ജോലി ഉടൻ ആരംഭിക്കും. കൂടുതൽ ഭക്തർ കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യം വരുമ്പോൾ നിലയ്ക്കലിൽ ഭക്ഷണശാലകളും കുടിവെള്ള സൗകര്യവും ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളും ഒരുക്കേണ്ടിവരും.
