മന്ത്രിമാരുടെ വിദേശയാത്ര: വിമർശനങ്ങളിൽ പ്രതിഷേധിച്ച് പ്രവാസി സംഘടനകൾ, ‘വിനോദയാത്രയ്ക്കല്ല അവർ വരുന്നത്’
ദുബായ്: സംസ്ഥാനത്തെ മന്ത്രിമാരും നേതാക്കളും വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. വിനോദയാത്രയ്ക്ക് മാത്രമല്ല നേതാക്കൾ വിദേശങ്ങളിൽ എത്തുന്നതെന്നും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ മനസിലാക്കുക കൂടി അവർ ചെയ്യുന്നുണ്ടെന്നും സംഘടനാ നേതാക്കൾ പറയുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങൾ നേതാക്കൾക്ക് അടുത്തറിയാനുള്ള അവസരം ഇല്ലാതാക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഗൾഫിൽ ഇത് ഓണാഘോഷത്തിന്റെ കാലമാണ്. എല്ലാ വാരാന്ത്യങ്ങളിലും നിരവധി ആഘോഷങ്ങളുണ്ടാകും. ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് പ്രധാനമായും മന്ത്രിമാരും എംഎൽഎമാരും നേതാക്കളും ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലെത്തുന്നത്. എന്നാൽ, മന്ത്രിമാർ വിനോദയാത്രയിൽ എന്നതാണ് പ്രതിപക്ഷ സംഘടനകളുടേയും മറ്റുചിലരുടേയും വിമർശനം. ലക്ഷകണക്കിന് മലയാളികളുള്ള നാട്ടിൽ നേതാക്കൾ എത്തുമ്പോൾ അവരുടെ പരാതികൾ കേൾക്കുകയും നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്യുമെന്നും സംഘടനാ നേതാക്കൾ പറയുന്നു.
യുഎഇയിൽ മാത്രം ഇരുപത് ലക്ഷത്തോളം മലയാളികളുണ്ട്. സൗദി അറേബ്യയിലും ഒമാനിലും ബഹ്‌റൈനിലും കുവൈറ്റിലും ഖത്തറിലുമെല്ലാമായി ദശലക്ഷകണക്കിന് മലയാളികൾ വേറെയുമുണ്ട്. മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും നിലവിലെ മന്ത്രിമാരും നേതാക്കളും വരുമ്പോൾ സംഘടനകളും വ്യക്തികളും ഇവരെ കണ്ട് ആവശ്യങ്ങൾ പറയാറുണ്ടെന്നും പ്രവാസി സംഘടനാ നേതാക്കൾ വ്യക്തമാക്കി.
മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ്, വി.ഇ. അബ്ദുൾ ഗഫൂർ, കെ.എം. ഷാജി, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരാണ് അടുത്തിടെ ആറ് ഗൾഫ് രാജ്യങ്ങളിലായി എത്തിയത്.
