വെള്ളിയാഴ്ച കൊണാട്ട് പ്ലേസിൽ ‘ലെഹ്രാ ദോ തിരങ്ക’ മാർച്ച് പ്രഖ്യാപിച്ച് സിജെപി; നേതാക്കളെ ജയിലിലടച്ചതിൽ പ്രതിഷേധം
ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) പ്രതിഷേധം പ്രഖ്യാപിച്ച് സ്ഥാപകൻ അഭിജിത് ദീപ്കെ. പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ജയിലിലടച്ച നടപടിക്കെതിരെയാണ് പ്രതിഷേധാഹ്വാനം. 16-ന് വൈകീട്ട് അഞ്ചുമണിക്ക് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനും ദീപ്കെ അണികളോട് നിർദേശിച്ചു.
ഡൽഹിയിലെത്താൻ കഴിയാത്തവർ തങ്ങളുടെ സ്വന്തം നഗരങ്ങളിൽ തിരങ്ക മാർച്ച് സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. ‘ലെഹ്രാ ദോ തിരങ്ക’ (പാറിപ്പറക്കട്ടെ ത്രിവർണപതാക) എന്നാണ് പ്രതിഷേധ് കാമ്പയിന് പേരിട്ടിരിക്കുന്നത്. ദേശീയ പതാക ഉയർത്തുന്നത് കുറ്റകരമല്ല. ഏകാധിപത്യ ഭരണകൂടങ്ങൾക്കുമുന്നിൽ പതറാതെ ദേശസ്നേഹം പ്രകടിപ്പിക്കും. തനിക്കെതിരെയും ഭരണകൂട നടപടിയുണ്ടായേക്കാം. എങ്കിലും അഭിമാനമായ പതാക ഉയർത്തുമെന്നും ദീപ്കെ പറഞ്ഞു.
പ്രതിഷേധ വിലക്കുകൾ ലംഘിച്ച് ജന്തർമന്ദറിൽ പ്രവേശിച്ചതിനും നേരത്തെ ഒപ്പുവെച്ച സമാധാന ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചതിനും ഡൽഹി മജിസ്ട്രേറ്റ് കോടതി സൗരവിനെയും അശുതോഷിനെയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് ഇരുവരെയും തിഹാർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
അതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രക്ഷോഭമുണ്ടായി. ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ., എ.ഐ.വൈ.എഫ്., യൂത്ത് കോൺഗ്രസ്, കെ.എസ്.യു. സംഘടനകളാണ് ജന്തർമന്ദർ ലക്ഷ്യമാക്കി സമരംചെയ്തത്. ബാരിക്കേഡുകൾ മറിച്ചിട്ടും പോലീസ് വാഹനത്തിന് മുകളിൽ കയറിയും നടത്തിയ പ്രതിഷേധം, ഡൽഹി പോലീസും കേന്ദ്രസേനയും ഇടപെട്ട് തടഞ്ഞു. ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളെയടക്കം പങ്കെടുപ്പിച്ച് ഡൽഹിയിൽ മിന്നൽ സമരങ്ങൾ തുടരാനാണ് ഇന്ത്യ മുന്നണി ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം. നവരാത്രി ആഘോഷം നടക്കുന്നതിനാൽ ഇന്ത്യ സഖ്യം വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽനിന്ന് തത്കാലം പിന്മാറി. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണിയിലെ നേതാക്കളും എം.പി.മാരും പോഷക സംഘടനകളുടെ നേതാക്കളും വിവിധ യുവജന-വിദ്യാർഥി സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന വൻ റാലി പ്രഖ്യാപിച്ചിട്ടുണ്ട്.
