റോഡരികിലെ ഭൂമി കയ്യേറിയവർക്കു മുന്നറിയിപ്പ്; കുന്നോത്ത് രണ്ട് സെന്റ് തിരിച്ചുപിടിച്ചു; രണ്ട് കെട്ടിടങ്ങളുടെ പകുതിഭാഗം പൊളിച്ചുനീക്കി
ഇരിട്ടി : റോഡരികിലെ ഭൂമി കയ്യേറിയവർക്കു മുന്നറിയിപ്പായി കുന്നോത്ത് ഒഴിപ്പിക്കൽ നടപടി. തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര പാതയിൽ കുന്നോത്ത് ഹൈസ്കൂളിനു സമീപം മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2 സെന്റ് ഭൂമി തിരിച്ചുപിടിച്ചു. രണ്ടു കെട്ടിടങ്ങളുടെ പകുതിഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയാണ് അധികൃതർ സ്ഥലം ഒഴിപ്പിച്ചത്. മൂര്യൻ ബാലൻ, ഇലവുങ്കൽ ജോസഫ് എന്നിവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് റവന്യു വകുപ്പിന്റെ സഹായത്തോടെ തിരിച്ചുപിടിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥലം ഒഴിയാൻ നേരത്തേ നോട്ടിസ് നൽകിയിരുന്നെങ്കിലും കെട്ടിടങ്ങൾ പൊളിച്ചുനീക്കാത്തതിനെ തുടർന്നായിരുന്നു നടപടി.
കണ്ണൂർ മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കലിനു നേതൃത്വം നൽകിയത്. സ്ഥലം ഒഴിപ്പിക്കരുതെന്നും നികുതി അടയ്ക്കുന്ന ഭൂമിയാണിതെന്നും ചൂണ്ടിക്കാട്ടി മൂര്യൻ ബാലനും ഇലവുങ്കൽ ജോസഫിന്റെ സഹോദരിമാരും രംഗത്തെത്തിയെങ്കിലും ഒഴിയാൻ ആവശ്യമായ സമയം നേരത്തേ അനുവദിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തലശ്ശേരി – വളവുപാറ പാതയിലെ കയ്യേറ്റങ്ങൾ പൂർണമായി കണ്ടെത്തി ഒഴിപ്പിക്കും. സർക്കാർ ഭൂമി അന്യാധീനപ്പെടുന്നത് അനുവദിക്കില്ല. മരാമത്ത് ഉടമസ്ഥതയിലുള്ള റോഡുകളിലും മറ്റു സ്ഥലങ്ങളിലും കയ്യേറ്റങ്ങൾ ഉണ്ടോയെന്നു പരിശോധിക്കാൻ അതതു സെക്ഷൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കുന്നോത്ത് സ്വദേശിയായ മൂര്യൻ ബാലൻ കഴിഞ്ഞ വർഷം ജൂലൈ 23ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയാണ് അധികൃതരുടെ പരിശോധനയിലേക്കു നയിച്ചത്. തന്റെ ഭൂമി പുറംപോക്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അടിസ്ഥാനരേഖകൾ നൽകണമെന്നും ഒഴിപ്പിക്കൽ നടപടികളിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഇതിൽ മരാമത്ത്, റവന്യു അധികൃതർ നടത്തിയ പരിശോധനയിൽ പ്രധാന പാതയിൽനിന്ന് ഉപറോഡിലേക്കു നീളുന്ന വിധം ബാലനും ഇലവുങ്കൽ ജോസഫും കൈവശം വച്ചിരുന്ന 2 സെന്റോളം ഭൂമി മരാമത്ത് വകുപ്പിന്റേതാണെന്നു കണ്ടെത്തി. ഇതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ കർശനമാക്കിയത്. ബാലൻ ഹോട്ടൽ നടത്തിയിരുന്നതും ഇലവുങ്കൽ ജോസഫ് വീടായി ഉപയോഗിച്ചതുമായിരുന്നു കെട്ടിടങ്ങൾ. മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ടി.വി.രേഷ്മ, ഓവർസീയർമാരായ എം.ടി.പ്രിൻസി, എം.ഡി.ബിജു എന്നിവരും നടപടികൾക്ക് നേതൃത്വം നൽകി.
54 കിലോമീറ്റർ പാതയിലും കയ്യേറ്റമെന്നു പരാതി
തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര പാതയിൽ കേരളത്തിന്റെ അധീനതയിലുള്ള തലശ്ശേരി മുതൽ വളവുപാറ വരെയുള്ള 54 കിലോമീറ്റർ ഭാഗത്ത് മരാമത്ത് വകുപ്പിന്റെ ഭൂമി വ്യാപകമായി കൈയേറിയിട്ടുണ്ടെന്ന പരാതികൾ നേരത്തേ ഉയർന്നിരുന്നു. ലോക ബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി പദ്ധതിയിൽ റോഡ് പുനർനിർമിച്ചപ്പോൾ പഴയ റോഡിന്റെ ഭാഗമായിരുന്ന ഭൂമി ഉൾപ്പെടെ സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായെന്നാണ് പരാതി. ഇവയെല്ലാം പരിശോധിച്ചു തിരിച്ചുപിടിക്കാനാണു മരാമത്ത് നീക്കം.
