സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ കലാസാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഐഎസ്ആർഒ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ശാസ്ത്രരംഗത്തെ ഔദ്യോഗിക പദവികൾ ഉപേക്ഷിച്ചാണ് പൂർണസമയ കലാപ്രവർത്തകനായി തിരിഞ്ഞത്. കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് അദ്ദേഹം ആരംഭിച്ച “സൂര്യ ഫെസ്റ്റിവൽ’ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ലോകത്തിലെ വലിയ സ്വകാര്യ സാംസ്കാരികോത്സവങ്ങളിൽ ഒന്നാണ്.
മലയാളത്തിലെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ശിൽപിയായ അദ്ദേഹം ‘മേൽവിലാസം’ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ നാടകങ്ങളുടെയും സിനിമയുടെയും അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയത്ത് ടി. നടരാജപിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനായി 1951 ഏപ്രിൽ 11-നാണ് ജനിച്ചത്. നടരാജ കൃഷ്ണമൂർത്തി എന്നായിരുന്നു ഔദ്യോഗിക പേര്. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളജ്, കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1972-ൽ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം, 1999-ൽ സ്വയം വിരമിച്ചാണ് പൂർണസമയ കലാപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ തുടങ്ങി ഒട്ടേറെ ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതികൾ, ഇന്ത്യൻ പനോരമ സെലക്ഷൻ സമിതി, ദൂരദർശൻ ഉപദേശക സമിതി എന്നിവയിലും അംഗമായി സേവനമനുഷ്ഠിച്ചു.
മേൽവിലാസം, പുലരി, തുടക്കം, തുടർച്ച, നീലവെളിച്ചം, അവതാരം, സ്ത്രീ പർവം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങളാണ്. മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതി (1996), കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1994) എന്നിവയ്ക്ക് പുറമേ, 2003-ൽ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ‘മാൻ ഓഫ് ദി ഇയർ’ പദവിയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
