ഫിനാൻസ് കമ്പനിയുടെ ജപ്തി ഭയന്ന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചെത്തിയത് ഒറിജിനൽ ജീപ്പിനടുത്ത്; കുടുങ്ങി

Share our post

മഞ്ചേശ്വരം ∙ ഒരേ നമ്പർപ്ലേറ്റുമായി അടുത്തടുത്തായി നിർത്തിയിട്ട രണ്ട് ജീപ്പുകൾ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഫിനാൻസ് കമ്പനിയുടെ ജപ്തി ഭയന്ന് വ്യാജ നമ്പർ പതിപ്പിച്ച ജീപ്പ് ഒറിജിനൽ വണ്ടിയുടെ തൊട്ടടുത്ത് തന്നെ കൊണ്ടുവെച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. സെപ്റ്റംബർ 12ന് പുലർച്ചെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. ഒരേ സ്ഥലത്ത് കിടന്ന രണ്ട് ജീപ്പുകളിലും ‘കെഎൽ 14 എജെ 3008’ എന്ന ബോർഡ് കണ്ട് നാട്ടുകാർക്ക് സംശയം തോന്നി. വിവരം അറിയിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പൊലീസ് എത്തി രണ്ട് ജീപ്പുകളും സ്റ്റേഷനിലേക്ക് മാറ്റി.

വിശദമായ പരിശോധനയിലാണ് നെല്ലിക്കുന്ന് സ്വദേശി ഉമ്മർ റാഷിദിന്റെ ഥാറിനാണ് ഈ നമ്പർ യഥാർഥത്തിൽ ഉള്ളതെന്ന് വ്യക്തമായത്. ബേള കുഞ്ചാർ സ്വദേശിയുടെ ജീപ്പിലാണ് ഇതേ നമ്പർ വ്യാജമായി പതിപ്പിച്ചത്. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതോടെ റിക്കവറി ജീവനക്കാർ ജീപ്പ് പിടിച്ചെടുക്കുമെന്ന ഭയത്താലാണ് നമ്പർ മാറ്റിയതെന്നാണ് അറിയുന്നത്.

എന്നാൽ വ്യാജ നമ്പർ ഉപയോഗിച്ച് മറ്റ് അസ്വാഭാവിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!