100 വർഷത്തെ പാരമ്പര്യം; ഇന്ത്യയിൽ ആദ്യമായി ട്രെയിനിൽ വനിത കോച്ച് അവതരിപ്പിച്ച ‘ഡെക്കാൻ ക്വീൻ’

Share our post

പൂനെ: നമ്മുടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി സര്‍വീസ് നടത്തുന്ന മിക്ക ട്രെയിനുകളിലുമുണ്ടാകും സ്ത്രീകൾക്കായി പ്രത്യേക കോച്ച്. എന്നാൽ ആദ്യമായി വനിത കോച്ച് അവതരിപ്പിച്ച ട്രെയിൻ ഏതെന്ന് അറിയാമോ? 100 വർഷത്തോളം പാരമ്പര്യമുള്ള ഡെക്കാൻ ക്വീൻ എന്ന ട്രെയിനിനാണ് ഈ റെക്കോഡ്.

‘ഡെക്കാന്‍റെ റാണി’ എന്ന് അറിയപ്പെടുന്ന പൂനെ നഗരത്തിൽ നിന്നാണ് ഈ ട്രെയിന് ‘ഡെക്കാൻ ക്വീൻ’ എന്ന പേര് ലഭിച്ചത്. ഡെക്കാൺ പീഠഭൂമിയിലെ പ്രമുഖ നഗരമായ പൂനെയെ അ അന്നത്തെ ബോംബെയുമായി ബന്ധിപ്പിക്കുന്നതിനായി 1930-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. പൂനെയുടെ ഈ വിശേഷണം തന്നെയാണ് പിൽക്കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈ റെയിൽവേ സർവീസിന്‍റെ ഐഡന്‍റിറ്റിയായി മാറിയത്.1930 ജൂൺ 1-നാണ് ഡെക്കാൻ ക്വീൻ ആദ്യമായി സർവീസ് ആരംഭിച്ചത്. നിലവിൽ സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ട്രെയിനുകളിൽ ഒന്നാണിത്.

തുടക്കത്തിൽ മുംബൈക്കും പൂനെക്കുമിടയിൽ വാരാന്ത്യങ്ങളിൽ മാത്രം സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനായാണ് ഇത് ആരംഭിച്ചത്. പൂനെ നഗരത്തിൽ നടന്നിരുന്ന കുതിരപ്പന്തയ മത്സരങ്ങൾ കാണാൻ പോകുന്നവരെ ലക്ഷ്യമിട്ടാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഈ ട്രെയിൻ ഓടിത്തുടങ്ങുന്നത്. തുടക്കത്തിൽ വാരാന്ത്യ സർവീസായിരുന്നെങ്കിലും യാത്രാക്കാരുടെ വർധനവോടെ പിന്നീട് മുംബൈ-പൂനെ റെയിൽവേ റൂട്ടിലെ ദിവസേനയുള്ള സ്ഥിരം ട്രെയിനായി ഡെക്കാൻ ക്വീൻ മാറുകയായിരുന്നു.

മുംബൈക്ക് ചുറ്റുമുള്ള റെയിൽവേ ശൃംഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി പാതകൾ വൈദ്യുതീകരിച്ച സമയത്താണ് ഡെക്കാൻ ക്വീൻ സർവീസ് ആരംഭിക്കുന്നത്. ആദ്യ കാലത്ത് തന്നെ ഇലക്ട്രിക് എഞ്ചിനുകൾ ഉപയോഗിച്ചാണ് ട്രെയിൻ ഓടിയിരുന്നത്. ആവി എഞ്ചിനുകൾ വ്യാപകമായിരുന്ന സ്ഥാനത്ത് ഇലക്ട്രിക് എഞ്ചിനുകൾ ഉപയോഗിച്ചത് ഡെക്കാൻ ക്വീനിനെ അന്നത്തെ ഏറ്റവും വേഗതയേറിയതും ആധുനികവുമായ ട്രെയിനുകളിലൊന്നാക്കി മാറ്റി.

1930ലാണ് ഇന്ത്യയിലാദ്യമായി സ്ത്രീകൾക്ക് മാത്രമായി ഒരു കോച്ച് ഡെക്കാൻ ക്വീനിൽ അവതരിപ്പിക്കുന്നത്. സ്ത്രീകൾ തനിച്ച് ട്രെയിൻ യാത്ര ചെയ്യുന്നത് വളരെ അപൂർവ്വമായിരുന്ന അക്കാലത്ത്, അവർക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് ബ്രിട്ടീഷ് റെയിൽവേ ഈ പ്രത്യേക കോച്ച് ആരംഭിച്ചത്. ഇന്ത്യൻ റെയിൽവേ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു ഈ പരിഷ്കാരം. യാത്രയിലെ ഏറ്റവും അവിസ്മരണീയമായ ഭാഗങ്ങളിലൊന്ന് പശ്ചിമഘട്ടത്തിലൂടെയുള്ള കയറ്റമാണ്. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള ഭോർ ഘട്ട് ഭാഗത്തിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്, മഴക്കാലത്ത് കുന്നുകൾ, താഴ്‌വരകൾ, തുരങ്കങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്നു.മാറുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങൾ യാത്രക്കാര്‍ക്ക് ഒരു സുന്ദരയാത്ര സമ്മാനിക്കുന്നു.

യാത്രക്കാർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ പ്രത്യേക ‘ഡൈനിംഗ് കാർ’ സൗകര്യം അവതരിപ്പിച്ചതാണ് ഈ ട്രെയിനിന് റെയിൽവേ മേഖലയിൽ വൻ പ്രചാരം നേടിക്കൊടുത്തത്. ഈ ഡൈനിംഗ് കാർ സൗകര്യം അക്കാലത്ത് ഡെക്കാൻ ക്വീനിനെ ഒരു പ്രീമിയം ക്ലാസ് ട്രെയിൻ എന്ന തലത്തിലേക്ക് ഉയർത്തി. പതിറ്റാണ്ടുകൾക്കിടയിൽ റെയിൽവേ കോച്ചുകളിലും സർവീസുകളിലും മാറ്റങ്ങൾ വന്നെങ്കിലും ഡെക്കാൻ ക്വീനിലെ ഭക്ഷണവും ഡൈനിംഗ് കാറും യാത്രക്കാര്‍ക്ക് നൊസ്റ്റാൾജിയയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!