പ്ലേഗ് ഗവേഷണകേന്ദ്രത്തിൽ നിന്ന് ബാക്ടീരിയ ചോർന്നെന്ന് റിപ്പോർട്ട്; ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന
മോസ്‌കോ: റഷ്യയിലെ സൈബീരിയയിലെ പ്ലേഗ് ഗവേഷണകേന്ദ്രത്തിൽ നിന്ന് ബാക്ടീരിയ ചോർന്ന സംഭവത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. സംഭവത്തിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ രോഗാണു വ്യാപിക്കാനുള്ള സാധ്യതയില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതരുമായി ചർച്ചകൾ തുടരുകയാണെന്നും സ്ഥിതിഗതികൾ ലോകാരോഗ്യ സംഘടന നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.പ്ലേഗ് പഠനകേന്ദ്രത്തിലെ ഗവേഷക ദാരിയ ഷിപിലോവ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചതോടെയാണ് സംഭവത്തിൽ ആശങ്ക ഉയർന്നത്. ഗവേഷകയുടെ മരണവും ബാക്ടീരിയ ചോർച്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും പുറത്തുവന്നതോടെ രോഗാണു വ്യാപിച്ച് മറ്റൊരു മഹാമാരിക്ക് വഴിവെക്കുമോയെന്ന ആശങ്കയുണ്ടായി.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണിയുണ്ടെന്നതിന് തെളിവുകളില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി റഷ്യൻ ആരോഗ്യ-അധികൃതരുമായി ലോകാരോഗ്യ സംഘടന ആശയവിനിമയം തുടരുകയാണ്. രോഗാണുവിന്റെ വ്യാപനം സംബന്ധിച്ച സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും സംഘടന വ്യക്തമാക്കി.
