യുവാവിനെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി, മാലയും പണവും കവ‍ർന്നു; പ്രതിയേക്കുറിച്ച് സൂചന കിട്ടിയെന്ന് പോലീസ്

Share our post

കൊച്ചി: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി അക്രമിക്കുകയും മാലയും പണവും കവരുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗത്തിൽ പിടികൂടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആലുവ ഈസ്റ്റ് പോലീസ്. പോലീസ് സ്ഥിരമായി പട്രോളിങ് നടത്തുന്ന സ്ഥലത്താണ് ഇത്തരമൊരു ദാരുണമായ സംഭവം ഉണ്ടായതെന്നും സംഭവത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ആലുവ ഈസ്റ്റ് പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

വിദേശത്തുനിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ ജോഫിൻ ജിജു എന്ന യുവാവിനെയാണ് ക്രൂരമായി അക്രമിച്ചത്. ആളൊഴിഞ്ഞ ഭാഗത്തുവച്ച് പിന്നാലെയെത്തിയ സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് ജോഫിൻ ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വർണമാലയും കൈവശമുണ്ടായിരുന്ന പണവും അക്രമികൾ കവരുകയും ശേഷം ബോധരഹിതനായ ജോഫിനെ സമീപത്തെ കനാലിലേക്ക് തള്ളുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഫിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ജോഫിൻ നൽകിയ വിവരങ്ങളുടെയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗത്തിൽ പ്രതികളെ പിടികൂടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു.

പോലീസ് സ്ഥിരമായി പട്രോളിങ് നടത്തുന്ന സ്ഥലത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത്. സ്ഥിരമായി അക്രമികൾ തമ്പടിക്കുന്ന സ്ഥലമാണിതെന്നാണ് വിവരം. തെരുവുവിളക്കുകളോ സിസിടിവിയോ ഒന്നും പ്രദേശത്തില്ല. സംഭവത്തിന് പിന്നാലെ ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരുവുവിളക്കുകളും സിസിടിവിയുമെല്ലാം സ്ഥാപിച്ചാൽ അത് നശിപ്പിക്കപ്പെടുന്നതായും ആരോപണമുണ്ട്.

ആലുവയിലും പരിസര പ്രദേശങ്ങളിലും അക്രമസംഭവങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം ആലുവ അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പുലർച്ചെയുള്ള ട്രെയിനുകളിൽ വൻ കവർച്ച നടന്നിരുന്നു. യാത്രക്കാരുടെ പണവും സ്വർണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ അസം സ്വദേശികളായ മൂന്ന് പ്രതികളെ പോലീസ് പിടികൂടിയിരുന്നു.

അതേസമയം, സാമൂഹ്യവിരുദ്ധരും ലഹരിസംഘങ്ങളും തമ്പടിക്കുന്ന റെയിൽവേ ഗുഡ്സ് യാർഡ് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!