മണ്ണിൻ മണമുള്ള അനുഭവങ്ങൾ പകർന്നു ‘ചട്ടീം കലോം’ പരിപാടി; മൺപാത്ര നിർമാണത്തിൽ പങ്കാളിയായി കലക്ടറും
കണ്ണൂർ : കളിമണ്ണിൽ രൂപങ്ങൾ തീർക്കുന്നതിന്റെ കൗതുകവും പരമ്പരാഗത മൺപാത്ര നിർമാണത്തിന്റെ സവിശേഷതകളും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു സംഘടിപ്പിച്ച ‘ചട്ടീം കലോം’ മൺപാത്ര നിർമാണ ശിൽപശാല ശ്രദ്ധേയമായി. കണ്ണപുരം മൊട്ടമ്മൽ സ്വദേശി മാക്കൂട്ടം ബാലൻ നേതൃത്വം നൽകി. മൺപാത്ര നിർമാണത്തിനാവശ്യമായ കളിമണ്ണ് ശേഖരിക്കുന്നതു മുതൽ അതു രൂപപ്പെടുത്തി വ്യത്യസ്ത രൂപത്തിലുള്ള പാത്രങ്ങൾ നിർമിക്കുന്നതു വരെയുള്ള വിവിധ ഘട്ടങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി.
കലക്ടർ പി.വിഷ്ണുരാജും മൺപാത്ര നിർമാണത്തിൽ പങ്കാളിയായി. പാരമ്പര്യ കലാരൂപങ്ങളെയും പ്രാദേശിക കഴിവുകളെയും പുതുതലമുറയെ കൂടി പരിചയപ്പെടുത്തുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കലക്ടർ പറഞ്ഞു.
നഗരത്തിലെ പൊതുയിടങ്ങൾ വ്യത്യസ്ത പരിപാടികളിലൂടെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കലക്ടറേറ്റ് ആംഫി തിയറ്റർ പരിസരത്ത് സംഘടിപ്പിച്ച ‘ഇടം’ പുസ്തക ചർച്ച ശ്രദ്ധേയമായിരുന്നു. ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പദ്ധതി (ഡിസിഐപി) വഴിയാണു പരിപാടിയുടെ ഏകോപനം.
