പേരാവൂർ ബ്ലോക്കിലെ പട്ടികവർഗ ഉന്നതികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക സമിതി
പേരാവൂർ:ബ്ലോക്കിലെ പട്ടികവർഗ ഉന്നതികളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. ഉന്നതികളിലെ എല്ലാ കുട്ടികളെയും സ്ഥിരമായി സ്കൂളിലെത്തിക്കാനും അവരുടെ പഠനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുമാണ് ജില്ലാ കളക്ടർ ചെയർമാനായി പ്രത്യേക സമിതി രൂപീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് നൽകിയ നിവേദനത്തെ തുടർന്നാണ് സർക്കാർ നടപടി.
പട്ടിവർഗ ഉന്നതികളിലെ കുട്ടികൾ കൃത്യമായി വിദ്യാലയങ്ങളിൽ എത്തുന്നില്ലെന്നും ഭൂരിപക്ഷം കുട്ടികൾക്കും വായന ഉൾപ്പെടെയുള്ള അടിസ്ഥാനശേഷികൾ ആർജിക്കാൻ കഴിയുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ഇതേത്തുടർന്നാണ് പ്രത്യേക സമിതി രൂപവത്കരിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ അധികൃതർ എന്നിവരുടെ സംയോജിത നേതൃത്വത്തിലാണ് പ്രത്യേക പ്രവർത്തനപദ്ധതി തയ്യാറാക്കി നടപ്പിലാക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, തലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഇരിട്ടി പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രതിനിധി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളുടെ പ്രതിനിധികൾ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
