റെയിൽ വൺ ആപ്പിൽ ഇനി ഒരാൾക്ക് അഞ്ച് പേർക്ക് വരെ സീസൺ ടിക്കറ്റ് എടുക്കാം; പുതിയ സംവിധാനവുമായി റെയിൽവേ!
ഡൽഹി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകുന്ന പുതിയ ‘ഷെയർഡ് സീസൺ ടിക്കറ്റ്’ (Shared Season Ticket) ഫീച്ചറുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ ‘റെയിൽ വൺ’ ആപ്പ് വഴി ഇനി മുതൽ ഒരു രജിസ്റ്റർ ചെയ്ത ഉപയോക്താവിന് തനിക്ക് പുറമേ മറ്റ് 5 പേർക്ക് (ആകെ 6 പേർക്ക്) വരെ സീസൺ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കുടുംബാംഗങ്ങൾക്കോ ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്കോ വേണ്ടി ഇനി സ്വന്തം അക്കൗണ്ടിൽ നിന്ന് തന്നെ സീസൺ ടിക്കറ്റുകൾ എളുപ്പത്തിൽ എടുക്കാനും പുതുക്കാനും സാധിക്കും. മുൻപ് ആപ്പ് ഉടമയ്ക്ക് സ്വന്തം പേരിലുള്ള സീസൺ ടിക്കറ്റ് മാത്രമാണ് എടുക്കാൻ സാധിച്ചിരുന്നത്. സെപ്റ്റംബർ 9 മുതൽ ഈ പുതിയ സൗകര്യം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രതിദിന പാസഞ്ചർമാർക്കും സ്ഥിരമായി ഒന്നിച്ച് യാത്ര ചെയ്യുന്നവർക്കും വലിയ പ്രയോജനപ്പെടുന്നതാണ് ഈ തീരുമാനം.
ആപ്പിൽ രജിസ്റ്റർ ചെയ്ത വ്യക്തി സ്വന്തം പേരിൽ ബുക്ക് ചെയ്യുന്ന സീസൺ ടിക്കറ്റിന് ജിയോഗ്രാഫിക്കൽ വെരിഫിക്കേഷൻ പൂർത്തിയാകുന്ന അന്നുമുതൽ തന്നെ പ്രാബല്യമുണ്ടാകുമെന്ന് കോട്ട സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ സൌരഭ് ജെയിൻ പറഞ്ഞു. എന്നാൽ മറ്റൊരു വ്യക്തിക്കായി ബുക്ക് ചെയ്യുന്ന സീസൺ ടിക്കറ്റുകൾക്ക് അടുത്ത ദിവസം മുതലായിരിക്കും പ്രാബല്യം ലഭിക്കുക.
റെയിൽ വൺ ആപ്പിലൂടെ സ്വന്തമായി സീസൺ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വ്യക്തിക്ക് കുറഞ്ഞത് 18 വയസ് തികഞ്ഞിരിക്കണം. എന്നാൽ മറ്റൊരാൾക്ക് വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ, യാത്ര ചെയ്യുന്ന ആൾക്ക് കുറഞ്ഞത് 5 വയസ് പ്രായമുണ്ടായിരിക്കണം.
എന്താണ് സീസൺ ടിക്കറ്റ്?
റെയിൽവേയിൽ രണ്ട് നിർദ്ദിഷ്ട സ്റ്റേഷനുകൾക്കിടയിൽ പതിവായി യാത്ര ചെയ്യുന്നവർക്കായി (സ്ഥിരം യാത്രക്കാർ, ജീവനക്കാർ, വിദ്യാർത്ഥികൾ) നൽകുന്ന കാർഡ്/പാസ് സംവിധാനമാണിത്. ദിവസവും ക്യൂ നിന്ന് ടിക്കറ്റെടുക്കാതെ, ഈ പാസ് ഉപയോഗിച്ച് നിശ്ചിത കാലയളവിലേക്ക് എത്ര തവണ വേണമെങ്കിലും ട്രെയിനിൽ യാത്ര ചെയ്യാം.
സബർബൻ, നോൺ-സബർബൻ റൂട്ടുകളിൽ പരമാവധി 150 കിലോമീറ്റർ ദൂരത്തേക്ക് വരെ മാത്രമേ സീസൺ ടിക്കറ്റ് അനുവദിക്കുകയുള്ളൂ. ജനറൽ (Unreserved) സെക്കൻഡ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. റിസർവ്ഡ് കോച്ചുകളിലോ ദൂരപരിധി നിശ്ചയിച്ചിട്ടുള്ള മറ്റ് പ്രത്യേക കോച്ചുകളിലോ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ പാടില്ല.
സീസൺ ടിക്കറ്റ്: ക്യുആർ കോഡും യാത്രാ നിയമങ്ങളും
യാത്രയ്ക്കിടെ, ആപ്പിലൂടെ എടുത്ത ഷെയർഡ് സീസൺ ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത പകർപ്പോ അല്ലെങ്കിൽ മൊബൈൽ ഫോണിൽ ലഭിക്കുന്ന പിഡിഎഫ് പതിപ്പോ കാണിച്ചാൽ മതിയാകും. ടിക്കറ്റ് എടുത്ത ആൾ കൂടെയില്ലെങ്കിലും ഈ രേഖകൾ ഉപയോഗിച്ച് മറ്റ് യാത്രക്കാർക്ക് സഞ്ചരിക്കാം.
എല്ലാ സീസൺ ടിക്കറ്റുകളിലും യാത്രക്കാരന്റെ ഫോട്ടോയും ഒരു ക്യുആർ കോഡും ഉണ്ടായിരിക്കും. ടിക്കറ്റ് പരിശോധന വേളയിൽ ടിടിഇമാർക്ക് തങ്ങളുടെ ഹാൻഡ്‌ഹെൽഡ് ടെർമിനൽ മെഷീൻ ഉപയോഗിച്ച് ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റിന്റെ വിശ്വസനീയത ഉറപ്പുവരുത്താൻ സാധിക്കുമെന്ന് കോട്ട സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ സൌരഭ് ജെയിൻ അറിയിച്ചു. യാത്ര ചെയ്യുമ്പോൾ ക്യുആർ കോഡ് വ്യക്തവും വായിക്കാൻ കഴിയുന്നതുമായി സൂക്ഷിക്കണമെന്ന് റെയിൽവെ നിര്‍ദേശിച്ചിട്ടുണ്ട്. ക്യൂ ആര്‍ കോഡ് വ്യക്തമല്ലെങ്കിൽ, ടിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ കഴിയുന്നില്ലെങ്കിൽ, റെയിൽവേ നിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കാം.
