അപകടത്തിൽപ്പെട്ട മിനി കൂപ്പറിന്റെ ആർസി ഉടമയാണ് നൂഹ സജീവ്
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവിന്റെ മൊഴിയെടുക്കും. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാറിന്റെ ആർസി ഉടമയാണ് നൂഹ സജീവ്. വാഹനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ അന്വേഷണത്തിന്റെ ഭാഗമായി ഇവരിൽ നിന്ന് വിവരങ്ങൾ തേടും.
അതിനിടെ, അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നൂഹ സജീവ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസ്സിലാക്കുന്നുവെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വീഡിയോയിൽ അവർ പറഞ്ഞു.
മക്കളെ സ്നേഹത്തോടെ വളർത്തി ഒരുപാട് സ്വപ്നങ്ങളുമായി മുന്നോട്ടുപോകുമ്പോൾ അവരെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കുന്നതിനും അപ്പുറമാണെന്ന് നൂഹ സജീവ് പറഞ്ഞു. തന്റെ വാക്കുകൾക്ക് ആ മാതാപിതാക്കളുടെ വേദന കുറയ്ക്കാനാകില്ലെന്ന് അറിയാമെന്നും മരിച്ചവരുടെ കുടുംബങ്ങളോട് ഒരിക്കൽക്കൂടി അനുശോചനം അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിൽ കാർ ഡ്രൈവർ സുഹൈലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സുഹൈൽ മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
