വൃദ്ധസദനങ്ങൾ ഇനി ‘സ്നേഹാലയം’; ഉത്തരവ് നടപ്പിലാക്കി സാമൂഹ്യനീതി വകുപ്പ്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കി സാമൂഹ്യനീതി വകുപ്പ്. മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സ്നേഹാലയം എന്ന പേര് കർശനമായി നടപ്പാക്കണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു.

‘വൃദ്ധസദനം’ എന്ന പദം പൊതുപ്രയോഗത്തിൽ നിന്നും പൂർണമായി ഒഴിവാക്കുന്നതിന് ആവശ്യമായ ബോധവൽക്കരണം നൽകണമെന്നും ഉത്തരവിലുണ്ട്. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാനും സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ അടിയന്തര നിർദേശം നൽകിയിരുന്നു.

‘വൃദ്ധർ’ എന്ന പദം മുതിർന്ന പൗരന്മാരിൽ അപകർഷതാബോധം ഉണ്ടാക്കുന്നുവെന്നും വയോജനങ്ങളുടെ വർധിച്ചുവരുന്ന ജനസംഖ്യ പരിഗണിച്ച് ഇത്തരം സ്ഥാപനങ്ങളുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് സുപ്രധാന നടപടി.

2024 ഡിസംബർ 2-ലെ സർക്കാർ ഉത്തരവ് (നമ്പർ: 247/2024/SJD) പ്രകാരം വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിയതായി ഡയറക്ടർ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ, പലയിടത്തും ഇപ്പോഴും പഴയ പേര് തന്നെയാണ് വ്യാപകമായി ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷൻ കർശന നിർദേശവുമായി രംഗത്തെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!