പ്രിയ വര്‍ഗീസിന്റെ നിയമനം; നിലപാട് മാറ്റി കണ്ണൂര്‍ സര്‍വകലാശാല, അഭിഭാഷകനെയും മാറ്റി

Share our post

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിലപാട് മാറ്റി കണ്ണൂര്‍ സര്‍വകലാശാല. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ വീഴ്ചയുണ്ടെന്നാണ് സര്‍വകലാശാലയുടെ പുതിയ നിലപാട്. സര്‍വകലാശാല ഇക്കാര്യം നാളെ സുപ്രിംകോടതിയെ അറിയിക്കും. സര്‍വകലാശാലയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനാകും ഹാജരാകുക. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകനെ മാറ്റിയത്.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കേസില്‍ മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സലും സിപിഐഎം സഹയാത്രികനുമായ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായിരുന്നത്. എസ്എഫ്‌ഐയില്‍ രാഗേഷും സുഭാഷും ഒരേ കാലയളവില്‍ പ്രവര്‍ത്തിച്ചവരാണ്. നിലവില്‍ സിപിഐഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. പുതിയ സ്റ്റാന്‍ഡിങ് കോണ്‍സലായി പി എസ് സുല്‍ഫിക്കര്‍ അലിയെ ആണ് നിയമിച്ചിരിക്കുന്നത്.

അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം നിയമപരമായിരുന്നുവെന്ന് വ്യക്തമാക്കി സര്‍വകലാശാല സത്യവാങ്മൂലം ഫയല്‍ചെയ്തിരുന്നു. പ്രിയയ്ക്ക് നിയമനത്തിനുള്ള യോഗ്യതയുണ്ടെന്നും സര്‍വകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല നിലപാട് സുപ്രീം കോടതിയിലെ കേസില്‍ നിര്‍ണായകമാണ്. നിലപാട് മാറ്റത്തിന് മുന്നോടിയായാണ് സുപ്രീം കോടതിയിലെ അഭിഭാഷകനെ സര്‍വ്വകലാശാല മാറ്റിയത്.

തിടുക്കപ്പെട്ടുള്ള ഈ അഭിഭാഷക മാറ്റം പ്രിയ വര്‍ഗീസിന്റെ കേസിന്റെ പശ്ചാത്തലത്തില്‍ ആണെന്നാണ് സൂചന. പ്രിയാ വര്‍ഗീസിന്റെ നിയമനം സുതാര്യമല്ലെന്നും പ്രിയയ്ക്ക് അവശ്യമായ യോഗ്യത ഇല്ലെന്നുമുള്ള നിലപാട് നാളെ കോടതിയില്‍ കണ്ണൂര്‍ സര്‍വകലാശാല അറിയിക്കും. സംസ്ഥാന സര്‍ക്കാരിനുവേണ്ടി നേരത്തെ കേസില്‍ ഹാജരായിരുന്നത് സി കെ ശശി ആയിരുന്നു. സുപ്രീം കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ജയിംസ് പി തോമസ് ആകും ഇനി കേരളത്തിനുവേണ്ടി ഹാജരാകുക.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!