‘കൂണോഗ്രാഫി’യുമായി ‘വോക്ക് വിത്ത് വി.സി’ 75 ദിവസം, 229 ഇനം കൂണുകൾ

Share our post

ആലക്കോട്: നമ്മുടെ ചുറ്റുപാടും ആരാലും ശ്രദ്ധിക്കപ്പെടാതെ മുളയ്ക്കുകയും നശിക്കുകയും ചെയ്യുന്ന കൂണുകളുടെ വൈവിദ്ധ്യങ്ങൾ പഠിക്കാനും രേഖപ്പെടുത്തുന്നതിനുമായി, ‘വോക്ക് വിത്ത് വി.സി’ സംഘടിപ്പിച്ച ഡോക്യുമെന്റേഷൻ ചലഞ്ചിൽ കണ്ടെത്തിയത് ശ്രദ്ധേയ വിവരങ്ങൾ

75 ദിവസത്തിനിടെ 229 ഇനം കൂണുകളുടെ 2,230 നിരീക്ഷണങ്ങളാണ് രേഖപ്പെടുത്തിയത്. കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്ന പര്യവേക്ഷണപഠനം. ജൂൺ ഒന്നിന് ആരംഭിച്ച് ആഗസ്റ്റ് 15 വരെ നീണ്ടു നിന്ന ചലഞ്ചിൽ കൂട്ടായ്മയിലെ 7 വയസു മുതൽ 70 വയസു വരെ പ്രായമുള്ള 26 അംഗങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ വീടുകളുടെ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലുമായി കണ്ടെത്തിയ കൂണുകളുടെ ചിത്രങ്ങൾ പകർത്തി ഐ നാച്ചുറിസ്റ്റ് എന്ന ജൈവവൈവിദ്ധ്യ രേഖപ്പെടുത്തൽ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതുവഴി ചുരുങ്ങിയ കാലയളവിൽ പ്രാദേശികമായി കാണപ്പെടുന്ന കൂണുകളുടെ വൈവിദ്ധ്യത്തെക്കുറിച്ച് ലോകത്തിന്റെ ഏതു കോണിലുമുള്ള ഗവേഷകർക്കും പ്രകൃതിനിരീക്ഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താനും വിപുലമായ പൊതുരേഖ സൃഷ്ടിക്കാനുമായി. കണ്ടെത്തിയ 229 ഇനങ്ങളിൽ പതിനഞ്ചോളം അപൂർവ ഇനങ്ങളും ഉൾപ്പെടുന്നു. രാത്രിയിൽ പ്രകാശിക്കുന്ന നാല് ഇനം കൂണുകളെയും ഏകദേശം പതിനഞ്ചോളം ഭക്ഷ്യയോഗ്യമായ കൂണുകളെയും അതീവ വിഷാംശമുള്ള നാല് ഇനം കൂണുകളെയും കണ്ടെത്തി. കൂടാതെ പ്രാണികളെയും പ്രാണികളുടെ ശരീരഭാഗങ്ങളെയും ആക്രമിച്ച് അവയെ കൊന്ന് അവയുടെ മൃതശരീരത്തിൽ വളരുന്ന ‘സോംബി ഫംഗസുകൾ’ ഉൾപ്പെടെ രണ്ട് ഇനങ്ങളും രേഖപ്പെടുത്തി.

‘വോക്ക് വിത്ത് വി. സി’
കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും ജൈവ വൈവിദ്ധ്യ ഗവേഷകനും കണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി ചെയർമാനുമായ വി.സി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ 2022ൽ ആരംഭിച്ച സമൂഹ മാദ്ധ്യമ കൂട്ടായ്മയായ വോക്ക് വിത്ത് വി.സി, ജൈവവൈവിദ്ധ്യ പഠനം, രേഖപ്പെടുത്തൽ, സംരക്ഷണം എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രകൃതി നടത്തങ്ങൾ, ക്യാമ്പുകൾ, പരിസ്ഥിതി പഠന പരിപാടികൾ, സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവയും കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. കൂണോഗ്രാഫിയിലൂടെ പ്രാദേശിക ജൈവവൈവിദ്ധ്യത്തിന്റെ വലിയ ഡിജിറ്റൽ രേഖ സൃഷ്ടിക്കാൻ സാധിച്ചതായി വോക്ക് വിത്ത് വി.സി പ്രവർത്തകർ അറിയിച്ചു.

കൂടുതൽ കൂണുകളെ കണ്ടെത്തി റോബിൻസ് തോമസ്
ചലഞ്ചിൽ പങ്കെടുത്ത 26 അംഗങ്ങളിൽ ഏറ്റവും കൂടുതൽ കൂൺ നിരീക്ഷണങ്ങൾ രേഖപ്പെടുത്തി ഒന്നാം സ്ഥാനം നേടിയത് നടുവിൽ പുലിക്കുരുമ്പ സ്വദേശിയായ റോബിൻസ് തോമസാണ്. തൊഴിൽപരമായി റബ്ബർ ടാപ്പിംഗും ശേഷിച്ച സമയങ്ങളിൽ ഓട്ടോ ഡ്രൈവറായും പ്രവർത്തിക്കുന്ന റോബിൻസ് തോമസ് 400ലധികം കൂൺ നിരീക്ഷണങ്ങളാണ് ചലഞ്ചിന്റെ ഭാഗമായി ഐ നാച്ചുറലിസ്റ്റിൽ രേഖപ്പെടുത്തിയത്. സാധാരണ ജീവിതത്തോടൊപ്പം ചുറ്റുപാടുകളിലെ ജൈവവൈവിദ്ധ്യം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിൽ പൊതുജനങ്ങൾക്കും സജീവമായി പങ്കാളികളാകാമെന്നതിന് ശ്രദ്ധേയമായ ഉദാഹരണമാണ് അദ്ദേഹത്തിന്റെ നേട്ടം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!