കാടുകയറി കണിയാർവയൽ-ഉളിക്കൽ റോഡ്

Share our post

ശ്രീകണ്ഠപുരം : കിഫ്ബി പദ്ധതിയിൽ കോടികൾ ചെലവഴിച്ച മികച്ച നിലവാരത്തിൽ പൂർത്തിയാക്കിയ കണിയാർവയൽ-ഉളിക്കൽ റോഡിന്റെ ഓരങ്ങൾ കാടുവളർന്ന് അപകടാവസ്ഥയിൽ. പല ഭാഗങ്ങളിലും കാടുകയറി കാൽനടയാത്രപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ്.

പല വളവുകളിലും കാഴ്ച മറയുന്ന രീതിയിൽ കാട് വളർന്നിട്ടുണ്ട്. വയക്കരക്കും ബാലങ്കരിക്കും ഇടയിലെ പുഴയോരത്താണ് ഏറ്റവും പ്രയാസകരമായിട്ടുളളത്. റബ്ബർത്തോട്ടങ്ങളിലെ അധിനിവേശ പയറാണ് റോഡിലേക്ക് പടർന്നു കയറിയിരിക്കുന്നത്. സൂചനാ ബോർഡുകളിലും കാടുമൂടിയിട്ടുണ്ട്. എല്ലാ വർഷവും ഇത്തരത്തിൽ കാടുകയറുന്ന അവസ്ഥയുള്ളതിനാൽ ശാശ്വതപരിഹാരം വേണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതും കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ പറ്റാത്ത സ്ഥിതിയുമാണ്. ഈ റോഡിന്റെ നിർമാണം നടക്കുമ്പോൾ പുഴയോരം ഇടിഞ്ഞതിനാൽ കുറച്ചുഭാഗങ്ങൾ വീതികുറച്ചാണ് പൂർത്തിയാക്കിയത്. പുഴയോരത്തെ ഈ വീതി കുറഞ്ഞ ഭാഗത്തും കാടുകയറിയതിനാൽ അപകടസാധ്യത കൂടുതലാണ്. മടമ്പം, വയക്കര സ്‌കൂളുകളിലേക്ക് നിരവധി കുട്ടികൾ കടന്നുപോകുന്ന വഴി കൂടിയാണിത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളും കാടുവെട്ടി വൃത്തിയാക്കണമെന്ന് കാഞ്ഞിലേരി പൊതുജന വായനശാല യോഗം ആവശ്യപ്പെട്ടു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 62 കോടി രൂപ ചെലവിലാണ് കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് 12 മീറ്റർ വീതിയിൽ നവീകരിച്ചത്. കാടുകയറിയത് കൂടാതെ വയക്കര മുതൽ ബാലങ്കരി വരെ പുഴയോരത്തുകൂടി പോകുന്ന ഭാഗങ്ങളിൽ കരിയിടിച്ചൽ ഭീതിയുണ്ട്.

കരിയിടിച്ചൽ രൂക്ഷമായ ഈ ഭാഗത്ത് വീതി കുറച്ചാണ് റോഡ് നിർമിച്ചത്. ആവശ്യമായ സംരക്ഷണ ഭിത്തിയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 2018-ലാണ് നിർമാണം തുടങ്ങിയത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കിലോമീറ്റർ നീളത്തിൽ റോഡ് ഉയർത്തിയും നടപ്പാതയും നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും ഒരുക്കിയാണ് റോഡ് നവീകരിച്ചത്. മലയോര ഹൈവേയും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന  റോഡ് കൂടിയാണിത്. ഉളിക്കലിൽ നിന്ന് ശ്രീകണ്ഠപുരത്തെത്താനുള്ള തിരക്കൊഴിഞ്ഞ പാതയും ഇതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!