വാട്സ്ആപ്പിലൂടെ ഇനി ഇലക്ട്രിസിറ്റി, ഗ്യാസ്, വെള്ളം ബില്ലുകൾ അടക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മാത്രം മതി
ഗാർഹികസാധനങ്ങളുടെ ബില്ലുകൾ അടക്കാൻ പലതരം ആപ്പുകളിലൂടെ കയറിയിറങ്ങുന്നവരാണോ നിങ്ങൾ? ഇലക്ട്രിസിറ്റി, ഗ്യാസ്, വെള്ളം അടക്കമുള്ള പ്രധാനപ്പെട്ട ബില്ലുകൾ അടക്കാൻ വിശ്വസനീയവും സൗകര്യപ്രദവുമായ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? എങ്കിലിതാ നിങ്ങൾക്കൊരു സന്തോഷവാർത്ത.
പുതിയ അപ്ഡേഷൻ ഫോണിലെത്തുന്നതോടെ ഗ്യാസ്, വെള്ളം, ഫാസ്ടാഗ്, ഇൻഷൂറൻസ്, ക്രെഡിറ്റ് കാർഡ് പേയ്മെന്റ്സ്, ലോൺ റീപേയ്മെന്റ്സ് അടക്കമുള്ളവയെല്ലാം വാട്സ്ആപ്പിലൂടെ അടക്കാനാകും. മറ്റൊരു ആപ്ലിക്കേഷനിലേക്ക് സ്വിച്ച് ചെയ്യാതെ തന്നെ ബില്ലുകളടക്കാൻ പാകത്തിലാണ് പുതിയ സംവിധാനം. ഘട്ടം ഘട്ടമായി ഉപയോക്താക്കളിലെത്തുന്ന ഫീച്ചർ അധികം വൈകാതെ മുഴുവൻ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുമെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എങ്ങനെ പ്രവർത്തിപ്പിക്കാം?
വാട്സ്ആപ്പ് ഹോം സ്ക്രീനിന്റെ മുകളിൽ വലതുവശത്ത് കാണുന്ന രൂപയുടെ ഐക്കണിൽ ടാപ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതുവഴി, ബില്ല് കാറ്റഗറി, ബില്ലർ എന്നിവ സെലക്ട് ചെയ്യാൻ ഉപയോക്താവിന് സാധിക്കും. ഇവിടെ അവരുടെ അക്കൗണ്ട് ഡീറ്റെയിൽസ്, ബിൽ അമൗണ്ട് എന്നിവ കാണാനാകും. പേയ്മെന്റ് മോഡ് സെലക്ട് ചെയ്യാനും ഇത് പിന്നീട് മാറ്റാനുമുള്ള സംവിധാനങ്ങളുമെല്ലാം പുതിയ ഫീച്ചറിലുണ്ടെന്നാണ് ടെക് വിദഗ്ധരുടെ നിരീക്ഷണം.
അടച്ചുതീർത്തതും അടുത്തതായി അടക്കാനുള്ളതുമായ ബിൽ പേയ്മെന്റ് ഹിസ്റ്ററിയും ഉപയോക്താവിന് വാട്സ്ആപ്പിൽ കാണാനാകുമെന്നതാണ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.
ഈ സ്റ്റെപ്പുകൾ അറിഞ്ഞുവെക്കാം
- വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ഹോം സ്ക്രീനിന്റെ മുകളിലുള്ള രൂപ ഐക്കൺ ടാപ് ചെയ്യാം
- ആവശ്യമായ ബിൽ കാറ്റഗറിയും ബില്ലറും തിരഞ്ഞെടുക്കാം.
- ആവശ്യപ്പെടുന്നതനുസരിച്ച് ബാങ്ക് അക്കൗണ്ട് നൽകി സ്ഥിരീകരിക്കുക.
- ലഭ്യമായ ബിൽ തുകയും മറ്റ് ആവശ്യമായ വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തണം.
- യുപിഐ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എന്നിവയിൽ നിന്നും പേയ്മെന്റ് രീതി തിരഞ്ഞെടുക്കുക
- പേയ്മെന്റ് സ്ഥിരീകരിച്ച് ഇടപാട് പൂർത്തിയാക്കുക.
