ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ഇനി മൊബൈൽ ഫോണിൽ എഴുതാം; മേൽനോട്ടത്തിന് എംവിഡി ഉദ്യോഗസ്ഥരുണ്ടാകും

Share our post

തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടർക്ഷാമം കാരണം ലേണേഴ്സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാൻ അപേക്ഷകരുടെ സ്മാർട്ട് ഫോണിൽ പരീക്ഷ നടത്താൻ അനുമതി. ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ടെസ്റ്റ്.

എം.വി.ഡി. ലീഡ്സ് മൊബൈൽ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖംതിരിച്ചറിയൽ സംവിധാനം ഇതിലുണ്ട്. ലേണേഴ്സ് ലൈസൻസിന് മൂന്നുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാൻ മൂന്നുമാസത്തേക്ക് ആഴ്ചയിൽ അഞ്ചുദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തും. അപേക്ഷിക്കുന്നവർക്ക് മൂന്നുദിവസത്തിനുള്ളിൽ ടെസ്റ്റിന് അവസരം ലഭിക്കാനാണ് ഈ മാറ്റം.

ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് 30 ദിവസത്തിനുള്ളിലും തോറ്റവർക്ക് എട്ടു ദിവസത്തിനുള്ളിലും അവസരം ലഭിക്കുന്ന വിധത്തിൽ ക്രമീകരിക്കാനാണ് ശ്രമം. കാത്തിരിപ്പ് ഒഴിവാക്കാൻ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഒരു ദിവസം 40-നുപകരം 50 ടെസ്റ്റുകൾ നടത്താനും അനുമതി നൽകി. മൂന്നുമാസത്തേക്ക് എല്ലാ ഓഫീസുകളിലും ആഴ്ചയിൽ അഞ്ചുദിവസവും ടെസ്റ്റ് നടത്തും.

പ്രതിദിന ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണവും പുനഃക്രമീകരിച്ചു. 28 പുതിയ അപേക്ഷകർക്കും 20 പരാജയപ്പെട്ടവർക്കും വിദേശപഠനത്തിന് പോകുന്ന രണ്ട് വിദ്യാർഥികൾക്കും അവസരം നൽകും. മേൽനോട്ടം വഹിക്കാൻ ഇൻസ്‌പെക്ടർമാരില്ലെങ്കിൽ എൻഫോഴ്സ്മെന്റിൽനിന്ന് നിയോഗിക്കാനും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!