‘28 വർഷത്തെ തെങ്ങുകയറ്റ തൊഴിലിനു വിരാമം’; സമൂഹമാധ്യമത്തിലൂടെ ലാലുവിന്റെ വിരമിക്കൽ പ്രഖ്യാപനം, വൈറൽ

Share our post

ചെറുപുഴ ∙ 28 വർഷത്തെ തെങ്ങുകയറ്റ തൊഴിലിനു വിരാമമിട്ടു മേലുത്താനിയിലെ കോയിക്കൽ ലാലു സമൂഹമാധ്യമത്തിലൂടെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം വൈറലായി. ‘പ്രിയമുള്ളവരേ, നീണ്ടവർഷത്തെ സേവനത്തിനുശേഷം തേങ്ങ പറിക്കുന്നതിൽനിന്ന് ഞാൻ വിരമിക്കുകയാണെന്നും ഇതുവരെ സഹകരിച്ച എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുവെന്നു’മായിരുന്നു ലാലുവിന്റെ പോസ്റ്റ്.

കുറച്ചുകാലമായി തെങ്ങുകയറ്റം അവസാനിപ്പിക്കാനുള്ള ആലോചനയിലായിരുന്നെങ്കിലും സ്ഥിരമായി തേങ്ങ പറിക്കാൻ പോകുന്ന തോട്ടങ്ങളുടെ ഉടമകളും സുഹൃത്തുക്കളും വിളിച്ചാൽ പോകാൻ പറ്റില്ലെന്നു പറയാനാവില്ല. ഇതാണു സമൂഹമാധ്യമത്തിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്താൻ പ്രേരിപ്പിച്ചതെന്നു 50 വയസ്സുകാരനായ ലാലു പറയുന്നു. ഇനി കൃഷിയിൽ കൂടുതൽ സജീവമാകാനാണ് ലാലുവിന്റെ തീരുമാനം.

കർഷകൻ കൂടിയായ ലാലുവിന് കർഷകത്തൊഴിലാളിക്കുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 22–ാം വയസ്സിൽ തെങ്ങുകയറ്റം തുടങ്ങിയപ്പോൾ ഒരു തെങ്ങിനു 3 രൂപയായിരുന്നു കൂലി. ഇപ്പോൾ ഒരു 50 രൂപ ലഭിക്കും. നല്ല വരുമാനം ലഭിക്കുന്നുണ്ടെങ്കിലും പുതിയ ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നില്ലെന്ന് ലാലു പറയുന്നു. വിളിക്കാതെ തന്നെ വർഷങ്ങളായി കൃഷിയിടങ്ങളിലെത്തി കൃത്യമായി തേങ്ങപറിച്ചിരുന്ന ലാലുവിന്റെ വിരമിക്കൽ കർഷകരെ പ്രതിസന്ധിയിലാക്കും. ഭാര്യ അജിത. മക്കൾ: വിദ്യാർഥികളായ ധന്യ, ധനേഷ്, ധനുഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!