അന്ന് ഷൂ ഇന്ന് ചാര്‍ട്ടേഡ് ഫ്ളൈറ്റ്; പ്രതിപക്ഷ നേതാവ് സ്ഥാനം മുതൽ വി ഡി സതീശനെ പിന്തുടരുന്ന സ്പോൺസർ വിവാദം
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് നടത്തിയ ‘സ്പോണ്‍സേഡ് യാത്രകള്‍’ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സ്പോണ്സര് വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ്റെ പേര് ഉയർന്ന് വരുന്നത് ആദ്യമായല്ല. വി ഡി സതീശന് പ്രതിപക്ഷ നേതാവായിരുന്ന കാലത്തും സമാനമായ വിവാദങ്ങളുണ്ടായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ വി ഡി സതീശൻ ധരിച്ചെത്തിയ ഷൂ ആണ് വിവാദങ്ങൾക്ക് കാരണമായ ഒരു സംഭവം.
2025 ഏപ്രില്‍ ഒമ്പതിനായിരുന്നു പരിപാടി നടന്നത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശന് അന്ന് ‘ക്ലൗഡ്ടില്റ്റിന്റെ’ വിലയേറിയ ഷൂസാണ് ധരിച്ചിരുന്നത്. ഷൂസിന്റെ വില മൂന്ന് ലക്ഷമാണെന്നായിരുന്നു ഉയർന്ന ആരോപണം. വിവാദം കനത്തതോടെ ഷൂസ് തനിക്ക് ഒരാള്‍ സമ്മനമായി തന്നതാണെന്നാണ് വി ഡി സതീശന് മറുപടി പറഞ്ഞത്. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ഷൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷൂവിന് മൂന്ന് ലക്ഷം രൂപയില്ലെന്നും ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണെന്നും വിദേശത്ത് അതിലും കുറവാണ് വിലയെന്നുമായിരുന്നു വി ഡി സതീശൻ്റെ വാദം.
തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് മെയ് മാസത്തില്‍ വി ഡി സതീശന് ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗലാപുരത്തേക്കും തിരിച്ചു നടത്തി യാത്രയാണ് വിവാദങ്ങൾക്ക് കാരണമായ മറ്റൊരു സംഭവം. ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് എത്തിയ സതീശൻ, അവിടെ വെച്ച് എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അന്ന് Saffron Strokes പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചാര്‍ട്ടേഡ് വിമാനമാണ് വി ഡി സതീശന് ഉപയോഗിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവം വിവാദമായതോടെ വിശദീകരണവുമാണ് സതീശൻ രംഗത്തെത്തി. മൂകാംബിക ദര്‍ശനം നടത്തുന്നതിനായാണ് മംഗലാപുരത്തെത്തിയതെന്നായിരുന്നു വിശദീകരണം.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയും വി ഡി സതീശനെ സ്പോൺസേഡ് വിവാദം പിന്തുടർന്നു. ഏറ്റവുമൊടുവിൽ, മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയാണ് സർക്കാരിന് തന്നെ തിരിച്ചടിയാകുന്ന തരത്തിൽ വിവാദമായത്. കനത്തമഴയും മണ്ണിടിച്ചിലും മൂലമുണ്ടായ ദുരന്തത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ദുരിതബാധിതരെ സന്ദർശിക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി വന്ന മുഖ്യമന്ത്രി എന്തുകൊണ്ട് സർക്കാർ ചെലവിൽ വരാതെ സ്പോൺസേഡ് വിമാനം ഉപയോഗിച്ചുവെന്ന ചോദ്യം ഉയർന്നു. ഏതാണ്ട് 19 ലക്ഷത്തിലധികം ചെലവ് വരുന്ന യാത്ര സ്പോൺസർ ചെയ്തത് സുഹൃത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നും കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്പോണ്സര് ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. വിവാദം കനക്കുന്നതിനിടെ നടന്ന വാർത്താസമ്മേളനത്തിൽ, വിമാനം സ്പോൺസർ ചെയ്തത് മലയാളിയായ സുഹൃത്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി വിജയൻ ഉൾപ്പടെ മുൻ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ യാത്ര ചെയ്തിട്ടുള്ളവരാണെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആരാണ് ആ സുഹൃത്തെന്ന് മുഖ്യമന്ത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യാപക വിമർശനം ഉയരുമ്പോഴും ഇതിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വി ഡി സതീശന് നടത്തിയ ഹെലികോപ്റ്റർ യാത്രയും വലിയ വിവാദമായിരുന്നു. അസുഖബാധിതനായ ഭാര്യാപിതാവിനെ കാണാനായിരുന്നു ആ യാത്രയെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ സ്വകാര്യ ആവശ്യത്തിനല്ല ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലുള്ള യാത്ര ഇൻവെസ്റ്റേർസിനെ കാണാനായിരുന്നുവെന്നും വി ഡി സതീശൻ പിന്നീട് പ്രതികരിച്ചു. താന്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും കഴിഞ്ഞ സര്‍ക്കാര്‍ വാടകയ്ക്കെടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്ററാണ് താൻ ഉപയോഗിച്ചതെന്നും സതീശൻ പറഞ്ഞിരുന്നു. അപ്പോഴും ഏത് ഇന്വെസ്റ്റേർസിനെയാണ് അന്ന് സതീശൻ കണ്ടതെന്നോ എന്തിനായിരുന്നു കൂടിക്കാഴ്ചയെന്നോ ഇന്നും ‘ചുരുളഴിയാത്ത രഹസ്യ’മാണ്.
