കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾ ഇനി ലോകവിപണിയിലേക്ക്; 333 കോടിയുടെ പദ്ധതിയുമായി ‘കേര’
ലോകബാങ്ക് സഹകരണത്തോടെ കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുന്ന പദ്ധതിയുമായി ‘കേര’. ‘ഫാം ടു ഗ്ലോബൽ മാർക്കറ്റിംഗ്’ എന്ന നൂതനമായ രീതിയിലൂടെ കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ ദേശീയ-അന്തർ ദേശീയ മാർക്കറ്റുകളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം 150 പ്രൊഡക്ടിവ് അലയൻസുകൾ (ഉൽപാദന സഖ്യങ്ങൾ) പ്രവർത്തികമാക്കുന്നതിനായി 333 കോടി രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷക ഉൽപാദന കമ്പനികളും (FPC) തത്പരരായ കാർഷിക സംരംഭകരും (ABP) കേരയുമായി ഏർപ്പെടുന്ന ത്രികക്ഷി കരാറുകൾ മുഖേനയായിരിക്കും ഈ ഉൽപാദന സഖ്യങ്ങൾ നിലവിൽ വരിക.
കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധനയിലൂടെ കർഷകർക്ക് സുസ്ഥിരമായ വിപണിയും മികച്ച വിലയും ഉറപ്പുവരുത്തുക എന്നതിനോടൊപ്പം കർഷകരും സംരംഭകരും തമ്മിൽ നേരിട്ടുള്ള വിപണിബന്ധം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കാർഷിക ഉൽപ്പാദക കമ്പനികളുടെ പ്രതിനിധികൾക്കും സംരംഭകർക്കുമായി തിരുവനന്തപുരം സമേതിയിൽ സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. കേര പ്രൊജക്റ്റ് ഡയറക്ടറും കാർഷികോൽപ്പാദന കമ്മീഷണറുമായ മിൻഹാജ് ആലം ശില്പശാല ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് മലബാർ മിരിസ്റ്റിക ഫാർമർ പ്രൊഡ്യൂസർ കമ്പനിയും എറണാകുളത്തെ കക്കോബിൻ ചോക്ലേറ്റ് കമ്പനിയും തമ്മിൽ രൂപീകരിച്ചിട്ടുള്ള പ്രഥമ കൊക്കോ അധിഷ്ഠിത ഉത്പാദന സഖ്യത്തെക്കുറിച്ചുള്ള അനുഭവങ്ങൾ ശില്പശാലയിൽ പങ്കുവെച്ചു.
ശില്പശാലയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വടക്കൻ-മധ്യ മേഖലകളിലുള്ള 9 കാർഷിക ഉത്പാദന കമ്പനികളും സംരംഭകരും തമ്മിലുള്ള ഉത്പാദന സഖ്യങ്ങൾ രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള കരട് ബിസിനസ് പ്ലാനുകൾക്ക് രൂപം നൽകി. റബ്ബർ, പഴങ്ങൾ, പച്ചക്കറികൾ, തേങ്ങ, കൊക്കോ, നെല്ല്, വാഴപ്പഴം, മഞ്ഞൾ, ഇഞ്ചി എന്നീ കാർഷിക ഉൽപ്പന്നങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ ഉത്പാദന സഖ്യങ്ങൾ രൂപീകരിക്കുന്നത്. കാർഷിക മേഖലയിലെ വിവിധ വിദഗ്ധരും ഉദ്യോഗസ്ഥരും പങ്കെടുത്ത ഈ പദ്ധതിയിലൂടെ കേരളത്തിലെ കർഷകർക്ക് ആഗോള വിപണിയുടെ വാതിലുകൾ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഡിഷണൽ പ്രൊജക്റ്റ് ഡയറക്ടർ കെ. ഇമ്പശേഖർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് സി. തമ്പി, കേര ഇ.എസ്.എസ്. നോഡൽ ഓഫീസർ ഡോ.എസ്.യമുന, കണ്ണൂർ റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ സ്മിത ഹരിദാസ്, തൃശ്ശൂർ റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ പി.ഉണ്ണിരാജൻ, കേര തൃശൂർ റീജിയണൽ പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റ് ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ, സമേതി ഡയറക്ടർ പി.രാഘവേന്ദ്ര, ഗ്രാന്റ് തോൺടൻ പാർട്ണർ (ജി.ടി.) പ്രൊഫ.വി. പദ്മാനന്ദ്, അസ്സോസിയേറ്റ് ഡയറക്ടർ ആശിഷ് കുമാർ, മാനേജ്‍മെന്റ് കൺസൾട്ടന്റുമാരായ രഞ്ജിത്ത് കുമാർ, ശക്തികുമാരൻ, ആർ. ശ്രീകുമാർ, വി. വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.
