മാക്കൂട്ടം ചുരം പാത നവീകരിച്ച ഭാഗം വീണ്ടും തകർന്നു
ഇരിട്ടി: മാക്കൂട്ടം-പെരുമ്പാടി ചുരം പാതയിലെ നവീകരിച്ച ഭാഗങ്ങൾ വീണ്ടും തകർന്നതോടെ യാത്ര ദുരിത പൂർണമായി. 11.75 കോടി രൂപ ചെലവിൽ മൂന്ന് റീച്ചുകളിലായി നവീകരിച്ച പെരുമ്പാടി-കേരള അതിർത്തി ഭാഗത്തെ 1.100 കിലോമീറ്റർ ദൂരത്തിലാണ് ടാറിംഗ് പൂർണമായും പൊളിഞ്ഞ് റോഡ് തകർന്നിരിക്കുന്നത്. റോഡിന്റെ ഉപരിതലം വ്യാപകമായി തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ഇറക്കത്തിലും കയറ്റത്തിലും വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നതായി യാത്രക്കാർ പറഞ്ഞു. മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപമാണ് റോഡിന്റെ സ്ഥിതി ഏറ്റവും മോശമായിരിക്കുന്നത്. റോഡിലെ അപകടം നിറഞ്ഞ വളവുകളിൽ ഭൂരിഭാഗവും പൊട്ടിപൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ടാറിംഗിനോട് ചേർന്ന് വലിയ കട്ടിംഗ് രൂപപ്പെട്ടത് ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. നവീകരണം ലഭിക്കാത്ത ശേഷിക്കുന്ന 5.8 കിലോമീറ്റർ ഭാഗവും മഴയെ തുടർന്ന് കൂടുതൽ തകർച്ച നേരിട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് കുടകിലേക്കും തിരിച്ചും ദിവസേന സഞ്ചരിക്കുന്ന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുമൂലം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
റോഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ വാർത്തകൾ വന്നതിനെ തുടർന്ന് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് പെരുമ്പാടി മുതൽ ഹനുമാൻ ക്ഷേത്രം വരെയുള്ള 5.9 കിലോമീറ്റർ ദൂരം മൂന്നു റീച്ചുകളിലായി 11.75 കോടി രൂപ ചെലവിൽ നവീകരിച്ചത്. എന്നാൽ, പ്രവൃത്തി പൂർത്തിയായി അധികം വൈകാതെ തന്നെ റോഡ് വീണ്ടും തകർന്നത് നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുകയാണ്.
ശേഷിക്കുന്ന 5.8 കിലോമീറ്റർ ഉൾപ്പെടെ പെരുമ്പാടി-ബിട്ടംകാല റൂട്ടിലെ നവീകരണം നടക്കാത്ത ഭാഗങ്ങൾ ചേർത്ത് ഏകദേശം 14 കിലോമീറ്റർ റോഡ് 40 കോടി രൂപ ചെലവിൽ നവീകരിക്കണമെന്ന ശിപാർശ കർണാടക സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനിടെ, നിലവിൽ തകർന്നുകിടക്കുന്ന നവീകരിച്ച ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
