തകർന്ന സ്ലാബുകൾ അപകടക്കെണിയാകുന്നു; സൂക്ഷിച്ചോ, ഇല്ലേൽ ഓടയിൽ വീഴും

Share our post

കൂത്തുപറമ്പ് : കൂത്തുപറമ്പ്-കണ്ണൂർ റോഡിലെ നടപ്പാതയിൽ ഓവുചാലിന്റെ സ്ലാബുകൾ തകർന്നത് അപകടക്കെണിയാകുന്നു. വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി ഒട്ടേറെ സ്ലാബുകളാണ് തകർന്നത്. ചിലയിടങ്ങളിൽ വ്യാപാരികളും നാട്ടുകാരും ചേർന്ന് തകർന്ന സ്ലാബുകൾക്ക് മുകളിലായി സിമന്റ് കട്ടകളോ മരക്കഷ്ണങ്ങളോ കല്ലുകളോവെച്ച് അപകടഭീഷണി ഒഴിവാക്കുകയാണ്. 

തകർന്ന സ്ലാബുകൾ ഓവുചാലിലേക്ക് വീണ സ്ഥിതിയിലാണ്. സമീപത്തെ വ്യാപാരികൾ മരംകൊണ്ടുണ്ടാക്കിയ പഴയ ഡെസ്ക് ഓവുചാലിന് കുറുകെയിട്ടിരിക്കുകയാണ്. മറ്റൊരു വശത്ത് അപകടഭീഷണി സൂചിപ്പിക്കാൻ തെർമോക്കോൾ ഉപയോഗിച്ച് വഴി മുടക്കിയിട്ടുമുണ്ട്. സ്ലാബ് തകർന്നുവീണ് ദിവസങ്ങളായെങ്കിലും പഴയ സ്ലാബ് നീക്കം ചെയ്യാനോ പുതിയത് സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.

വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. സ്ലാബ് തകർന്നത് ശ്രദ്ധയിൽപ്പെടാതെ കാൽനടയാത്രക്കാർ വീണ് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. ഈ ഭാഗത്തെത്തുമ്പോൾ ചിലർ റോഡിലൂടെ മറികടന്ന് പോകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കാൽനടയാത്രക്കാരെ അപകടത്തിലേക്ക് തള്ളിവിടുന്നുണ്ട്. താരതമ്യേന വീതികുറഞ്ഞ റോഡായതിനാൽ നടപ്പാത കൈയേറി വാഹനങ്ങൾ പാർക്കുചെയ്യുന്നതാണ് ഓവുചാലിന് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകരാനിടയാക്കുന്നത്. വലിയ കാറുകളും മിനി ലോറികളുമുൾപ്പെടെയുള്ളവ നടപ്പാതയിൽ നിർത്തിയിടുന്നത് പതിവാണ്. പോലീസ് പരിശോധന കർശനമാക്കി അനധികൃത പാർക്കിങ് തടഞ്ഞാൽ മാത്രമേ, ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!