സംസ്ഥാന രാഷ്ട്രീയത്തിൽ ഇതാദ്യം; ജയിലിൽ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ നടക്കും. കാപ്പ കേസിൽ പ്രതി ചേർക്കപ്പെട്ടാണ് സുഗതൻ വിയ്യൂർ ജയിലിൽ കഴിയുന്നത്.
ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ രാവിലെ 11ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആർ. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
ഹൈക്കോടതി നിർദേശപ്രകാരമാണ് സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് സർക്കാർ സൗകര്യം ഒരുക്കാം എന്ന് അറിയിച്ചത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്ന് സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. ഇതേതുടർന്നാണ് കോടതി നിർദേശിച്ചാൽ സൗകര്യം ഒരുക്കാം എന്ന് സർക്കാരും അറിയിച്ചത്. എന്നാൽ കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
