കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, വായിലേക്ക് വെള്ളം സ്പ്രേ ചെയ്തു; ഡേ കെയർ ജീവനക്കാർക്കെതിരേ കേസ്
ബംഗളൂരു: പിഞ്ചു കുഞ്ഞുങ്ങളെ ശാരിരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് ഡേ കെയർ ജീവനക്കാർക്കെതിരേ കേസെടുത്തു. ബംഗളൂരുവിലെ എച്ച്എഎൽ കാമ്പസിലുള്ള കേപ്ജെമിനി ഐടി കമ്പനിക്കുള്ളിലെ ഡേ കെയറിലെ ആയമാർക്കെതിരെയാണ് കേസെടുത്തത്.
രണ്ട് വയസ് മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കരഞ്ഞാൽ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇരുത്തുകയും വാഷ് റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. കുട്ടികൾ കരഞ്ഞപ്പോൾ ടോയ്ലറ്റിലെ ജെറ്റ് സ്പ്രേ വായിലേക്ക് വെള്ളം ചീറ്റിച്ചു. ക്രൂരതയുടെ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഐടി. കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറിലാണ് നടുക്കുന്ന സംഭവം. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
