ഏഴ് റെയിൽേവ സ്റ്റേഷനുകളിൽ വരുന്നു കോച്ച് റസ്റ്ററന്റും ഫുഡ്സ്ട്രീറ്റും
കോഴിക്കോട്: പയ്യന്നൂരും പാലക്കാട്ടും കോഴിക്കോട്ടും റെയിൽകോച്ച് റസ്റ്ററന്റിലിരുന്ന് ഇനി ആഗോള രുചിക്കൂട്ട് നുണയാം. ഇതിനുപുറമേ കോഴിക്കോട്ട് ഭക്ഷണ വൈവിധ്യങ്ങളുടെ കലവറ തീർത്ത് ഫുഡ്സ്ട്രീറ്റും സ്റ്റേഷനിൽ ചുറ്റി നടക്കുന്ന ഫുഡ്ട്രക്കും.
പാലക്കാട് ഡിവിഷനിലെ ഏഴുസ്റ്റേഷനുകളിൽ കെ.എഫ്.സി, മക്‌ഡൊണാൾഡ്, പിസഹട്ട്,വോ മോമോ,ബാസ്‌കിൻ റോബിൻസ് തുടങ്ങിയ ആഗോള ഭക്ഷണ ബ്രാൻഡുകളുമായി കൈകോർക്കാനൊരുങ്ങി റെയിൽവെ. ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികൾ. കോഴിക്കോട്ട് മൂന്നുമാസത്തിനകം ഫുഡ്സ്ട്രീറ്റിന്റെ ജോലി തുടങ്ങും. മേലെപാളയത്തിനുസമീപം 1291 ചതുരശ്രയടി സ്ഥലത്താണ് ഫുഡ്സ്ട്രീറ്റ് വരിക. പ്ലാറ്റ്ഫോമിന് പുറത്ത് സ്റ്റേഷൻ വളപ്പിൽചുറ്റി നടന്ന് ഭക്ഷണവില്പന നടത്തുന്നതാണ് ഫുഡ് ട്രക്ക് പദ്ധതി.
ചെന്നൈ എഗ്‌മോർ സ്റ്റേഷനു മുന്നിലുള്ള ഹൈടെക്ക് റെയിൽകോച്ച് റസ്റ്ററന്റിന്റെ മാതൃകയിലാകും കോഴിക്കോട്ടും റസ്റ്ററന്റ് ഒരുക്കുക. ആറായിരം ചതുരശ്രയടിയിൽ എ.സി. റെയിൽകോച്ച് സ്ഥാപിച്ച് അടുക്കളയും തീൻമേശകളും വിശാലമായ പാർക്കിങ് പ്രദേശവുമൊക്കെയുണ്ടാകും. ഓഗസ്റ്റ് അവസാനവാരത്തോടെ നിർമാണം തുടങ്ങും. ഈറോഡ് ആസ്ഥാനമായ ജെസിസ് ഫുഡ് കോർട്ട് കമ്പനിക്കാണ് നിർമാണച്ചുമതല. 40 ലക്ഷമാണ് ബജറ്റ്.
പയ്യന്നൂരിൽ കേരളത്തിലെ ആദ്യ റെയിൽകോച്ച് റസ്റ്ററന്റിന്റെ ജോലികൾ ഏറെക്കുറെ പൂർത്തിയായി. ട്രെയിൻ യാത്രയും ഭക്ഷണവുമൊക്കെ ഇഷ്ടപ്പെടുന്ന നാലു ചെറുപ്പക്കാർ റെയിൽവേയുമായി കൈകോർത്താണ് പദ്ധതി തുടങ്ങുന്നത്. 40 ലക്ഷം രൂപയുടെ പദ്ധതിയാണിത്. നവീകരണം നടക്കുന്ന കണ്ണൂർസ്റ്റേഷനിലും പാലക്കാട് ടൗൺസ്റ്റേഷനിലും മട്ടാഞ്ചേരിയിലും നാഗർകോവിൽ സ്റ്റേഷനിലും റെയിൽകോച്ച് റസ്റ്ററന്റ് ഒരുങ്ങുന്നുണ്ട്.
അഞ്ചു കോച്ചുകൾ റെഡി
റസ്റ്ററന്റുകൾ തുടങ്ങുന്നതിനായി കണ്ടം ചെയ്ത അഞ്ചു റെയിൽകോച്ചുകൾ തയ്യാർ. ഒരു ശീതീകരിച്ചകോച്ചും ഒരുസ്ലീപ്പർകോച്ചും ഉൾപ്പെടെയുള്ള ബോഗികളാണ് പദ്ധതിക്കായി ഉപയോഗിക്കുക. ട്രെയിനുകളിൽ എൽ.എച്ച്.ബി.കോച്ചുകൾ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഇത്രയും കോച്ചുകൾ ഒരുമിച്ച് റെയിൽവേ ഒഴിവാക്കിയത്.
