പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉടൻ, സസ്‌പെൻഷനുണ്ടാകുമെന്ന് സൂചന
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തില്‍ നടപടി ഉടന്‍. കേരള ഹൗസിലെ അസിസ്റ്റന്‍ഡ് പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ ആര്‍ ശ്രീകുമാര്‍ അടക്കം മൂന്ന് പേര്‍ക്ക് എതിരെ നടപടി വരും. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.
യാത്ര മുടങ്ങാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീകുമാറിനാണ് പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോള്‍ ചുമതല ഉണ്ടായിരുന്നത്. ശ്രീകുമാറിന് വീഴ്ച സംഭവിച്ചുവെന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനും ചീഫ് സെക്രട്ടറിക്കും കൈമാറും.
പ്രോട്ടോക്കോള്‍ ഓഫീസറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് 2.50നുള്ള വിമാനത്തില്‍ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയിരുന്നത്. പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്തില്‍ കയറാനായിരുന്നില്ല.
വിഐപി ലോഞ്ചില്‍ ഇരുന്ന പിണറായി വിജയനെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്താതെയിരുന്നതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാന്‍ കഴിയാതെ പോയതിന്‍െ കാരണമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മറ്റൊരു വിമാനത്തിലാണ് പ്രതിപക്ഷ നേതാവ് കോഴിക്കോട്ടേക്ക് എത്തിയത്.
