തട്ടുകടയിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം; അമ്മ കസ്റ്റഡിയിൽ, പോലീസിനെ അറിയിച്ചത് യുവതിയുടെ സുഹൃത്ത്

Share our post

മരട്: നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെ ഉപേക്ഷിക്കാൻ യുവതിയുടെ ശ്രമം. ഞായറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ സുഹൃത്തായ യുവാവും കസ്റ്റഡിയിലാണ്. അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നത്. ശനിയാഴ്ച വെളുപ്പിനെയാണ് യുവതി പ്രസവിച്ചത്.

എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അമ്മ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

യുവതിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി മിഥുനാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട വിവരം ആദ്യം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്.

എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുംവഴി ചായ കുടിക്കാൻ തട്ടുകടയിൽ കയറിയപ്പോൾ കരച്ചിൽകേട്ട് നോക്കിയപ്പോൾ ബെഞ്ചിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെന്നാണ് ഇയാൾ ആദ്യം പോലീസിനോട് പറഞ്ഞത്. ദേഹമാസകലം കൊതുക് കടിച്ചിരിക്കുന്നതായും, സമീപത്തു തന്നെ തെരുവുനായകൾ തമ്പടിച്ചിരുന്നതായും യുവാവ് പറഞ്ഞു. അരമണിക്കൂറിനകം പോലീസ് എത്തി കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റി.

യുവാവിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ തട്ടുകടയിൽ കൊണ്ടുവന്ന് കിടത്തിയ ശേഷം പോലീസിനെ വിളിച്ചറിയിക്കാൻ അഞ്ജു സുഹൃത്തായ മിഥുന്റെ സഹായം തേടുകയായിരുന്നു. അതനുസരിച്ചാണ് മിഥുൻ വിവരം പോലീസിലറിയിച്ചത്. വളർത്താൻ പറ്റാത്തതിനാലും, എന്നാൽ കുഞ്ഞ് സംരക്ഷിക്കപ്പെടണമെന്നുള്ളതിനാലുമാണ് ഇങ്ങനെ ചെയ്തതെന്ന് അഞ്ജു പോലീസിനോട് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!