ദേശീയ സെൻസസ്: നാളെ മുതൽ സെൽഫ് എന്യൂമറേഷൻ, മൊബൈൽ ഫോണിലൂടെ കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്താം

Share our post

കണ്ണൂർ: സെൻസസ് 2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് https://se.census.gov.in പോർട്ടലിലൂടെ വിവരങ്ങൾ സമർപ്പിക്കാം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ നടക്കുക. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് നടത്തുക. കേരളത്തിൽ ജൂലായ് ഒന്ന് മുതൽ 30 വരെയാണ് ഈ ഘട്ടം. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയോടെയാകും നടക്കുക.

ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ വീടുപട്ടിക ബ്ലോക്കിലെയും കെട്ടിടങ്ങൾ, പ്രധാന ലാൻഡ്മാർക്കുകൾ എന്നിവ ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നതിന് മുൻപുതന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാം.

ഓൺലൈനായി ഇങ്ങനെ സമർപ്പിക്കാം

  • പോർട്ടലിൽ രജിസ്റ്റർചെയ്ത് സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തി വിവരങ്ങൾ നൽകാം
  • വിവരങ്ങൾ സമർപ്പിച്ചശേഷം 11 അക്കങ്ങളുള്ള എസ്.ഇ. ഐ.ഡി., എസ്.എം.എസ്. വഴിയും ഇ-മെയിൽ വഴിയും ലഭിക്കും. എന്യൂമറേറ്റർ സന്ദർശിക്കുമ്പോൾ ഈ നമ്പർ കൈമാറിയാൽ മതിയാകും.
  • കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതില്ല. ഇവ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ചാണ് രേഖപ്പെടുത്തുക, തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും
  • ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. വീടിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ നിർമാണസാമഗ്രികൾ, വീടിന്റെ അവസ്ഥ, കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബനാഥന്റെ പേര്, ലിംഗം, സാമൂഹികവിഭാഗം, വീടിന്റെ ഉടമസ്ഥാവകാശം, താമസമുറികളുടെ എണ്ണം, ദമ്പതിമാരുടെ എണ്ണം എന്നിവ ഇതിൽ ഉൾപ്പെടും
  • കുടിവെള്ളത്തിന്റെ ഉറവിടവും ലഭ്യതയും, വൈദ്യുതി, കക്കൂസ്, കുളിമുറി, അടുക്കള, എൽ.പി.ജി./പി.എൻ.ജി. കണക്‌ഷൻ, പാചക ഇന്ധനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, ലാപ്ടോപ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ, സ്മാർട്ട്ഫോൺ എന്നിവയുടെ ലഭ്യത, സൈക്കിൾ, സ്കൂട്ടർ, മോട്ടോർസൈക്കിൾ, കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങളുടെ ലഭ്യത, കുടുംബം പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളും ചോദ്യാവലിയിലുണ്ട്

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!