ഒരുവർഷം കേരളത്തിന് പുതുതായി ലഭിച്ചത് 14 തീവണ്ടികൾ, മൂന്നുവണ്ടികൾ ദീർഘിപ്പിച്ചു

Share our post

ചെന്നൈ: കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിലൂടെ 14 പുതിയതീവണ്ടി സർവീസുകൾ തുടങ്ങിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. മൂന്നുവണ്ടികൾ ദീർഘിപ്പിച്ചു. തമിഴ്‌നാട്ടിൽനിന്ന് 23-ഉം കർണാടകത്തിൽനിന്ന് 14-ഉം വണ്ടികൾ പുതുതായി തുടങ്ങി. ഇവയിൽ മിക്കതും ഒന്നിലധികം സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്നതാണെന്ന് റെയിൽവേ ഞായറാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് നവംബർ എട്ടിന് തുടങ്ങിയ വന്ദേഭാരത് എക്സ്‌പ്രസാണ് 2025-26 സാമ്പത്തികവർഷം കേരളത്തിൽനിന്ന് തുടങ്ങിയ പ്രധാനവണ്ടി. 2026 ജനുവരി 23-ന് താംബരം-തിരുവനന്തപുരം അമൃത ഭാരത് എക്സ്‌പ്രസ് തുടങ്ങി. ചർലപ്പള്ളി-തിരുവനന്തപുരം അമൃതഭാരത് എക്സ്‌പ്രസ്, പാലക്കാട്-പൊള്ളാച്ചി മെമു, ഷൊർണൂർ-നിലമ്പൂർ മെമു, ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ, എറണാകുളം-വേളാങ്കണ്ണി എക്സ്‌പ്രസ്, നാഗർകോവിൽ-മംഗളുരു അമൃത ഭാരത് എക്സ്‌പ്രസ്, മംഗളൂരു-തിരുനെൽവേലി എക്സ്‌പ്രസ്, രാമേശ്വരം-മംഗളൂരു എക്സ്‌പ്രസ്, കൊല്ലം-എറണാകുളം മെമു, തിരുവനന്തപുരം -മംഗളൂരു അന്ത്യോദയ എക്സ്‌പ്രസ്, കണ്ണൂർ-കോഴിക്കോട് പാസഞ്ചർ, പാലക്കാട്-കണ്ണൂർ എക്സ്‌പ്രസ് എന്നിവയാണ് മറ്റു വണ്ടികൾ. മംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് പാലക്കാട്ടേക്കും ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്കും തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്കും നീട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!