വന്ദേഭാരത് പതിവായി വൈകുന്നു; ചൊവ്വാഴ്ച എറണാകുളം വിട്ടത് ആറര മണിക്കൂർ വൈകി, മന്ത്രിക്ക് യാത്രക്കാരുടെ പരാതി
കൊച്ചി ∙ ബെംഗളൂരു– എറണാകുളം വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറുകൾ വൈകി ഓടുന്നതു പതിവായതോടെ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ എക്സ് അക്കൗണ്ടിൽ യാത്രക്കാരുടെ പരാതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആറര മണിക്കൂർ വൈകി 9.07ന് ആണ് എറണാകുളം വിട്ടത്. രാത്രി 11ന് ബെംഗളൂരുവിൽ എത്തേണ്ട ട്രെയിൻ എത്തിയത് ഏകദേശം 9 മണിക്കൂർ വൈകി പിറ്റേന്ന് രാവിലെ 7.51ന്. ബെംഗളൂരുവിൽ നിന്നുള്ള എറണാകുളം വന്ദേഭാരത് ചൊവ്വാഴ്ച പുലർച്ചെ 5.10നു പകരം അഞ്ചു മണിക്കൂർ 10 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ബെംഗളൂരുവിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഒട്ടേറെ മലയാളികൾ ആശ്രയിക്കുന്ന ട്രെയിൻ നിരന്തരം വൈകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.
എന്നാൽ ട്രെയിൻ വൈകുമെന്ന് നേരത്തേ അറിയിപ്പു നൽകിയിരുന്നതായി റെയിൽവേ അധികൃതർ പറയുന്നു. ബെംഗളൂരു റെയിൽവേ ഡിവിഷനിലെ വൈറ്റ്ഫീൽഡിലെ അറ്റകുറ്റപ്പണികൾ കാരണമുള്ള ട്രാഫിക് ക്രമീകരണങ്ങളും മറ്റുമാണ് ട്രെയിൻ വൈകാൻ കാരണം. ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ എത്താൻ വൈകുന്നതോടെ എറണാകുളത്തു നിന്നുള്ള മടക്കയാത്രയിലും സമയക്രമം പാലിക്കാൻ കഴിയാതെ നീണ്ടുപോകുന്നതാണു പ്രശ്നമെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് 2.20ന്, കൃത്യസമയത്തു തന്നെ ട്രെയിൻ യാത്ര പുറപ്പെട്ടതായി റെയിൽവേ അധികൃതർ അറിയിച്ചു.
