മഴവെള്ളം കുത്തിയൊഴുകിയെത്തുന്നു; ദേശീയപാത സർവീസ് റോഡ് വഴി ആർക്കും കടന്നുപോകാനാകാത്ത സ്ഥിതി

Share our post

കല്യാശ്ശേരി ∙ മഴവെള്ളം കുത്തിയൊഴുകിയെത്തുന്നതോടെ ദേശീയപാത സർവീസ് റോഡ് വഴി ആർക്കും കടന്നുപോകാനാകാത്ത സ്ഥിതി. കനത്തമഴ പെയ്താൽ കല്യാശ്ശേരി – മാങ്ങാട് നാലുവരിപ്പാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട് തന്നെ. സർവീസ് റോഡിനടുത്തുള്ള വീടുകളിലേക്ക് മഴവെള്ളം കുതിച്ചൊഴുകി സമീപവാസികൾ ദുരിതത്തിലായി. മാങ്ങാടിനു സമീപം ആലിങ്കീൽ തറവാട്, സി.വി.പത്മിനി, പച്ച ഭാസ്കരൻ എന്നിവരുടെ വീട്ടുപറമ്പിലേക്ക് മഴവെള്ളം കുത്തിയൊഴുകിവരുന്നു.

വീടിനു സമീപം ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കെട്ടിടങ്ങൾക്കും കിണറിനും വൈദ്യുതത്തൂണുകൾക്കും അപകടഭീഷണിയാണ്. സർവീസ് റോഡിനോടു ചേർന്ന് അശാസ്ത്രീയമായാണ് ഡ്രെയ്നേജും കൾവർട്ടും നിർമിച്ചതെന്നു പരാതിയുണ്ട്. മാങ്ങാട് എരിഞ്ഞിക്കീൽ അടിപ്പാതയ്ക്കു സമീപം ഒരു കിലോമീറ്ററോളം ദൂരത്തിൽ നീരൊഴുക്ക് പലയിടങ്ങളിലായി തടസ്സപ്പെട്ട നിലയിലാണ്. വെള്ളം ഒഴുകിപ്പോകുന്ന സ്ഥലത്തെ തോടുകൾ കവിഞ്ഞൊഴുകുന്നതിനാൽ പ്രദേശത്തെ മിക്കവീടുകളിലും വെള്ളക്കെട്ട് ഭീഷണിയുണ്ട്.

നാലുവരിപ്പാതയുടെ മുകളിൽനിന്നു മഴവെള്ളം ശക്തിയായി സർവീസ് റോഡിലേക്ക് വീഴുന്നതിനാൽ ഗതാഗതതടസ്സവുമുണ്ട്. ഡ്രെയ്നേജിന്റെ പുറത്തു സർവീസ് റോഡിലേക്കു വെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുന്നതും വാഹന അപകടങ്ങൾക്കിടയാക്കുന്നു. ശക്തമായ മഴ തുടങ്ങുന്നതിനു മുൻപ് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!