സണ്ണി ജോസഫിനെ ‘വൈദ്യുതി’യിലൊതുക്കിയത് കെ.സി -യുടെ പണിയോ? റവന്യൂ വകുപ്പ് മാറ്റിയത് ഖാർഗെയുടെ ഫോൺകോളിൽ
കണ്ണൂർ: ഇരിക്കൂറിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ കെ.സി.വേണുഗോപാൽ ജയിക്കാൻ സാധ്യത കുറവാണെന്ന തരത്തിൽ റിപ്പോർട്ട് നൽകിയതുകൊണ്ടാണ് മന്ത്രി സണ്ണി ജോസഫിനെ വൈദ്യുതി വകുപ്പിൽ ‘ഒതുക്കിയതെന്ന്’ സൂചന.
നേരത്തേ റവന്യൂവകുപ്പ് നിശ്ചയിച്ചതായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിൽ നടന്ന ചർച്ചയ്ക്കിടെ എ.െഎ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രത്യേകമായി കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫിനെ ബന്ധപ്പെട്ടിരുന്നു. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ മത്സരിക്കാൻ പരിഗണിച്ച ഇരിക്കൂർ മണ്ഡലത്തിലെ വിജയസാധ്യതയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഇരിക്കൂറിൽ വിജയസാധ്യത കുറയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് സണ്ണി റിപ്പോർട്ട് നൽകി.
സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി.വേണുഗോപാൽ ഈ റിപ്പോർട്ട് കണ്ടതായി അറിയുന്നു. ഇതായിരിക്കാം വകുപ്പ് മാറ്റത്തിന് പിന്നിലെന്ന് സണ്ണി ജോസഫുമായി അടുപ്പമുള്ളവർ പറയുന്നു. കെ.പി.സി.സി. പ്രസിഡന്റിന് പ്രധാനപ്പെട്ട വകുപ്പ് നൽകാതെ വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽ കുമാറിന് റവന്യൂവകുപ്പും വിഷ്ണുനാഥിന് ടൂറിസം-സാംസ്കാരിക വകുപ്പും നൽകിയത് കോൺഗ്രസിൽ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.
മന്ത്രിമാരെ നിശ്ചയിച്ചശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ അടക്കമുള്ള നേതാക്കൾ കൂടിയാലോചന നടത്തിയാണ് വകുപ്പുകൾ തീരുമാനിച്ചത്. സണ്ണിക്ക് റവന്യൂവകുപ്പ് നീക്കിവെച്ചുകൊണ്ടുള്ള പട്ടിക എ.െഎ.സി.സി. അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഗവർണർക്ക് പട്ടിക കൈമാറാൻ മണിക്കൂറുകൾമാത്രം ബാക്കിയിരിക്കെ ഡൽഹിയിൽനിന്ന് ഖാർഗെയുടെ ഫോൺസന്ദേശം മുഖ്യമന്ത്രിയെ തേടിയെത്തി. സണ്ണിയിൽനിന്ന് റവന്യൂവകുപ്പ് മാറ്റി എ.പി.അനിൽകുമാറിന് നൽകണമെന്നും പകരം വൈദ്യുതിവകുപ്പ് സണ്ണിക്ക് നൽകണമെന്നുമായിരുന്നു നിർദേശം. സണ്ണി ജോസഫിന് റവന്യൂ നൽകണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിലപാടെടുത്തിരുന്നു. ഖാർഗേയുടെ ഫോൺവിളി എത്തിയതോടെ മറിച്ചൊന്നും പറയാൻ സാധിക്കാതെ ഇവർ നിസ്സഹായരായി.
