വിവാഹമോചനക്കേസിൽ ഭാര്യയുടെ അഭിഭാഷകയെ മർദിച്ചു; അധ്യാപകൻ കസ്റ്റഡിയിൽ; സംഭവം തലശ്ശേരി കുടുംബകോടതിയിൽ
തലശ്ശേരി: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് തലശ്ശേരി കുടുംബകോടതിയിലെത്തിയ അധ്യാപകൻ അഭിഭാഷകയെ മർദിച്ചു. കുടുംബകോടതിയുടെ വെയിറ്റിങ് ഹാളിൽനിന്നാണ് പി.വി.സോണിക്ക് (55) മർദനമേറ്റത്. അഭിഭാഷക തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി. കല്ലിക്കണ്ടി വിളക്കോട്ടൂരിൽ കീഴയിൽപൊയിൽ ഹൗസിൽ കെ.പി.ദിവാകരനാണ് (51) മർദിച്ചത്. പ്രതിയെ തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10-ഓടെയാണ് സംഭവം.
പ്രതിയുടെ ഭാര്യയുടെ അഭിഭാഷകയാണ് സോണി. സുഹൃത്തുമായി കുടുംബകോടതിയിലെത്തിയ പ്രതി കൗൺസലിങ് ഹാളിന്റെ പുറത്ത് എത്തിയ അഭിഭാഷകയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ സോണി നിലത്തുവീണു. നടുവിന് പരിക്കേറ്റു. കൗൺസലിങ് ഹാളിന്റെ പുറത്തുണ്ടായിരുന്ന മറ്റൊരു അഭിഭാഷക ഇവരെ രക്ഷപ്പെടുത്തി. അതേസമയം നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ് പ്രതിയും തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സതേടി.
