സണ്ണി ജോസഫിന്റെ മന്ത്രി സ്ഥാനം, മലയോരത്തിന് പ്രതീക്ഷകളേറെ

Share our post

കണ്ണൂർ: മലയോരത്തിന് അഭിമാനനേട്ടമാണ് സണ്ണി ജോസഫിന്റെ മന്ത്രിസ്ഥാനം. വന്യമൃഗ ശല്യം രൂക്ഷമായ ആറളം ഉൾപ്പെടുന്ന പേരാവൂർ മണ്ഡലത്തിൽ നിന്ന് നാലാംതവണയും തിരഞ്ഞെടുക്കപ്പെട്ടാണ് കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ് മന്ത്രിസഭയിലേക്കെത്തുന്നത്. മലയോര മേഖലയിലെ കുടിയേറ്റ വിഭാഗത്തിന്റെ പ്രശ്നങ്ങളിലടക്കം സണ്ണി ജോസഫ് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.

വന്യമൃഗ ശല്യം മൂലം കർഷകർ നേരിടുന്ന വെല്ലുവിളികൾക്കും പരിഹാരം കാണൽ പ്രധാനമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിയാവണം അടുത്ത അഞ്ച് വർഷത്തെ പ്രവർത്തനം. ആരോഗ്യം, ടൂറിസം, കാർഷിക മേഖല, വന്യമൃഗ പ്രതിരോധം എന്നിവയ്ക്ക് കൂടുതൽ പദ്ധതികളും നടപ്പിലാക്കണം. കെ.പി. നൂറുദ്ദീനു ശേഷം വർഷങ്ങൾക്കു ശേഷമാണ് പേരാവൂരിന് മന്ത്രി സ്ഥാനം ലഭിക്കുന്നത്. ആറളത്തെ ആനമതിൽ നിർമാണം, വനാതിർത്തിയിൽ സമ്പൂർണമായ വന്യമൃഗ പ്രതിരോധം തീർക്കൽ, ഉത്പാദനം നിലച്ച ബാരാപോൾ ചെറുകിട ജലവൈദ്യുതി പദ്ധതി ഉടൻ പ്രവർത്തന ക്ഷമമാക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മലയോര ജനത സണ്ണി ജോസഫിന് മുന്നിൽവയ്ക്കുന്നത്.

ആറളത്ത് ഇനിയൊരു ജീവൻ പൊലിയരുത്

പേരാവൂർ മണ്ഡലത്തിലെ ആറളം ഫാമിൽ കാട്ടാനകൾ പത്ത് വർഷത്തിനുള്ളിൽ ചവിട്ടിയരിച്ചത് 15 ജീവനുകളാണ്. ഇനിയൊരു ജീവൻ പൊലിയാതെ കാക്കേണ്ടത് പുതിയ സർക്കാറാണ്. മന്ത്രി സണ്ണി ജോസഫ് അതിന് മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷ. ആനമതിൽ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ആനകൾ അധിവസിക്കുന്ന ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനക്കൂട്ടങ്ങളുടെ താണ്ഡവം തുടർക്കഥയാണ്. അക്രമാസക്തരായ കാട്ടാനകൾ കാരണം പുറത്തിറങ്ങാനാവാത്ത ദുരിതമാണ് ആറളത്തെ പുനരധിവാസ മേഖലയിലെ ജനം ഇപ്പോഴും അനുഭവിക്കുന്നത്. കാട്ടാന ആക്രമണങ്ങളിൽ പരിക്കേൽക്കുകയോ ജീവൻ നഷ്ടമാവുകയോ ചെയ്യുന്നവർക്ക് സർക്കാറിൽ അർഹമായ നഷ്ടപരിഹാരമോ ചികിത്സയോ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.

ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലെ ആനമതിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കേണ്ടത് പുതിയ സർക്കാറിന്റെ മുമ്പിലുള്ള വെല്ലുവിളിയാണ്. 10.50 കിലോമീറ്റർ വരുന്ന ആന മതിലിന്റെ നിർമാണം ഈ മാസം 30ന് മുൻപ് പൂർത്തിയാക്കേണ്ടതാണ്. ഇതുവരെ പകുതി ദൂരം പോലും പൂർത്തിയായില്ല. മഴക്കാലം തുടങ്ങിയാൽ നിർമ്മാണം പൂർണ്ണമായും നിലയ്ക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!