‘എന്നത്തെയും പോലെ ഇന്നലെയും ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു; അതിനിടയിലാണ്…’
കൂത്തുപറമ്പ് : എല്ലാ ദിവസത്തെയും പോലെ വളരെ ശാന്തമായിരുന്നു കണ്ണവം ടൗൺ. വൈകുന്നേരം നാല് മണിയോടെ ആണ് കണ്ണവം ടൗണിൽ നിയന്ത്രണംവിട്ട കാർ പൊലീസ് സ്റ്റേഷന് സമീപം വച്ച് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. കണ്ണവത്ത് ടയർക്കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബുവിനും നടനായ ഇസ്മായിലിനും ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പകച്ചുപോയ ജനങ്ങൾ പെട്ടെന്നുതന്നെ പൊലീസ് വാഹനത്തിൽ ഉൾപ്പെടെ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബാബുവിന്റെയും ഇസ്മായിലിന്റെയും ചെരുപ്പും റോഡരികിൽ കിടന്നിരുന്നു.
കൈകോർത്തു, മരണത്തിലും
കണ്ണവത്തിന് സുപരിചിതമായ ഉറ്റ ചങ്ങാതിമാർ എന്നത്തെയും പോലെ ഇന്നലെയും ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് കോളയാട് ഭാഗത്ത് നിന്നു വന്ന കാർ നിയന്ത്രണംവിട്ട് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സജീഷ് എന്ന ബാബുവും ഇസ്മായിലും എന്നും തമ്മിൽ കാണുന്നത് പതിവായിരുന്നു. എല്ലാ ദിവസവും ഇസ്മായിൽ ബാബുവിന്റെ കടയിൽ വന്നിരുന്നു കുശലം പറയും. ഇരുവരും ഒരുമിച്ച് ചായ കുടിക്കാൻ പോകുന്നതും പതിവായിരുന്നു. ഇസ്മായിലിന്റെ വളർച്ചയിലും തളർച്ചയിലും ബാബുവും ഉണ്ടായിരുന്നു. ഇസ്മായിലിന് ആദ്യസിനിമയായ അത്ഭുതദ്വീപിൽ അഭിനയിക്കാൻ പോകുമ്പോഴും എല്ലാം ബാബുവിന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ ഇസ്മായിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടിക്കാരോടും ഏറെ സ്നേഹത്തോടെ ഇടപെട്ട ഇസ്മായിലിനെ എല്ലാവർക്കും ഏറെ ഇഷ്ടമായിരുന്നു.
പൊതുദർശനം
ഇസ്മായിലിന്റെയും ബാബുവിന്റെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് കണ്ണവത്ത് പൊതുദർശത്തിനു വച്ച ശേഷം ഇസ്മയിലിന്റെ മൃതദേഹം വെളുമ്പത്ത് മഖാമിൽ ഒരു മണിക്ക് കബറടക്കും. ബാബുവിന്റെ മൃതദേഹം വലിയവെളിച്ചം ശാന്തിവനത്തിൽ ഒരു മണിക്ക് സംസ്കരിക്കും.
