കണ്ണൂർ ജില്ലയിൽ സർക്കാർ ഓഫിസുകൾ ജല അതോറിറ്റിക്ക് നൽകാനുള്ളത് 4.5 കോടി രൂപ

Share our post

കണ്ണൂർ : ശുദ്ധജലം പണംനൽകാത്ത സർക്കാർ ഓഫിസുകളെക്കൊണ്ട് വലഞ്ഞ് ജല അതോറിറ്റി. ജില്ലയിൽ 4.5 കോടി രൂപയാണ് സർക്കാർ ഓഫിസുകൾ ജല അതോറിറ്റിക്ക് ശുദ്ധജലത്തിന്റെ കുടിശിക നൽകാനുള്ളത്. കണ്ണൂർ ഡിവിഷനിൽ 2.2 കോടി രൂപയും തളിപ്പറമ്പിൽ 2.32 കോടി രൂപയുമാണ് കുടിശിക. തളിപ്പറമ്പ് ഡിവിഷനു കീഴിലുള്ള ഇരിക്കൂർ പഞ്ചായത്ത് ജലനിധിയുടെ വെള്ളത്തിന്റെ 1.11 കോടി രൂപയാണു നൽകാനുള്ളത്. കുടിശിക തീർത്തില്ലെങ്കിൽ കണക്‌ഷൻ വിഛേദിക്കുമെന്ന് പലതവണ മുന്നറിയിപ്പു നൽകിയിട്ടും പണമടയ്ക്കാത്തതിനെ തുടർന്ന് കലക്ടറേറ്റിലെയും അഡീഷനൽ സിവിൽ സ്റ്റേഷനിലെയും ജലവിതരണം നിർത്തിവച്ചിരുന്നു. മുന്നറിയിപ്പു നൽകിയിട്ടും മറ്റു വകുപ്പുകൾ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.

കണ്ണൂർ ഡിവിഷനു കീഴിൽ തലശ്ശേരി ഗവ. ആശുപത്രി ഒരു കോടി രൂപയാണു നൽകാനുള്ളത്. കലക്ടറേറ്റ് 40 ലക്ഷം, പൊലീസ് 7 ലക്ഷം, റവന്യു 2 ലക്ഷം, മൃഗസംരക്ഷണ വകുപ്പ് ഒരു ലക്ഷം, ബ്രണ്ണൻ കോളജ് 2 ലക്ഷം, മാഹി മരാമത്ത് 43 ലക്ഷം രൂപ എന്നിങ്ങനെയും നൽകാനുണ്ട്. തളിപ്പറമ്പിൽ വിവിധ വില്ലേജ് ഓഫിസുകൾ 1.44 ലക്ഷം, പൊലീസ് 4.6 ലക്ഷം, പൊതുടാപ്പിൽ തദ്ദേശ സ്ഥാപനങ്ങളിൽ ജലവിതരണം നടത്തിയതിന് 17 ലക്ഷം എന്നിങ്ങനെയും കുടിശികയുണ്ട്. ജലനിധിക്കു വെള്ളം കൊടുത്തതിന് ഇരിക്കൂർ പഞ്ചായത്ത് നൽകാനുള്ള 1.11 കോടി രൂപ ആവശ്യപ്പെട്ട് പലതവണ നോട്ടിസ് അയച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. കണക്‌ഷൻ വിഛേദിക്കുമെന്നു പറയുമ്പോൾ ജനപ്രതിനിധികൾ ഇടപെടും. ജലനിധി വഴി ശുദ്ധജലം കൊടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ഉപയോക്താക്കളിൽനിന്നു പണം വാങ്ങി നൽകണമെന്നാണ് ജല അതോറിറ്റി പറയുന്നത്.

 മൂന്ന്  മാസത്തിനകം കുടിശിക അടയ്ക്കുമെന്ന് കലക്ടർ
കലക്ടറേറ്റിലും അഡീഷനൽ സിവിൽ സ്റ്റേഷനിലും മരാമത്ത് വകുപ്പ് ഓഫിസിന്റെ പേരിലാണ് കണക്‌ഷനുള്ളത്. കലക്ടറേറ്റിലെ അൻപതോളം ഓഫിസുകൾ ശുദ്ധജലമെടുക്കുന്നുണ്ടെങ്കിലും പണം കൃത്യമായി മരാമത്ത് ഓഫിസിനു നൽകുന്നില്ല. ഏപ്രിൽ 1നു ശേഷം ജല ഉപയോഗത്തിന്റെ പണത്തിന് തങ്ങൾ ഉത്തരവാദികളല്ല എന്ന് ഇവർ ജല അതോറിറ്റിയെ അറിയിച്ചതിനെത്തുടർന്നാണ് കലക്ടറേറ്റിലെ കണക്‌ഷൻ വിഛേദിച്ചത്.

കലക്ടറേറ്റിലെ ഓരോ ഓഫിസും സ്വന്തമായി കണക്‌ഷൻ എടുക്കണമെന്ന് എഡിഎമ്മിന്റെ സാന്നിധ്യത്തിലെ യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ആരും ഇതുവരെ കണക്‌ഷന് അപേക്ഷിച്ചില്ലെന്നാണ് ജല അതോറിറ്റി പറയുന്നത്. കലക്ടറേറ്റിലെ കണക്‌ഷൻ പുനഃസ്ഥാപിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. 3 മാസത്തിനകം കുടിശിക അടയ്ക്കുമെന്നാണ് കത്തിൽ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!