നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
മട്ടന്നൂർ: നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം മട്ടന്നൂർ എക്സൈസ് പിടികൂടി. കയനിയിലെ എം. ഷഫീറിന്റെ വീടിനു സമീപത്ത് നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മട്ടന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ഉത്തമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
15 ചാക്കുകളിലായി വീടിനു സമീപം സൂക്ഷിച്ച11250 പായ്ക്കറ്റ് ലഹരി വസ്തുക്കളാണ് എക്സൈസ് കണ്ടെടുത്തത്. 15 എണ്ണം അടങ്ങുന്ന രണ്ടര കിന്റ്വൽ വരുന്ന ഹാൻസ്, കൂൾ ലിപ് എന്നിവയുടെ പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. കർണാടയിൽ നിന്ന് വിൽപ്പനയക്കെത്തിച്ച ലഹരി വസ്തുക്കൾക്ക് അഞ്ചര ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്ന് മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ കെ. ഉത്തമൻ പറഞ്ഞു. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ കെ.പി. പ്രമോദ്, സി. അഭിലാഷ്, കെ.കെ.സാജൻ, പി.വി. വൽസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. സന്ദീപ്, എ.കെ. റിജു, പി. ഷബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
