നവജാത ശിശുവിനെ ശൗചാലയത്തിന്റെ ക്ലോസറ്റിൽ തള്ളി കടന്നുകളയാൻ ശ്രമിച്ച 19-കാരിയെ പിടികൂടി നാട്ടുകാർ
മൂന്നാർ (ഇടുക്കി): പ്രസവിച്ചശേഷം കുഞ്ഞിനെ പൊതുശൗചാലയത്തിലെ ക്ലോസറ്റിൽ തള്ളി കടന്നുകളയാൻ ശ്രമിച്ച പത്തൊൻപതുകാരിയെ നാട്ടുകാർ പിടികൂടി. സൂര്യനെല്ലി സ്വദേശിനിയായ യുവതിയാണ് പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ യുവതിയെ തടഞ്ഞുവെച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നാർ ടൗണിലെ തിരക്കേറിയ നല്ലതണ്ണി കവലയിലെ പൊതുശൗചാലയത്തിലായിരുന്നു സംഭവം. ക്ലോസറ്റിൽ കുട്ടിയെ ഇട്ടശേഷം യുവതി തൊട്ടടുത്തുള്ള ശൗചാലയത്തിലേക്ക് കയറി.
തൊട്ടുപിന്നാലെയെത്തിയ മൂന്നാർ സ്വദേശിനിയായ സ്ത്രീ ക്ലോസറ്റിൽ, രക്തം പുരണ്ടുകിടക്കുന്ന കുഞ്ഞിനെ കണ്ടു. അവിടെയുണ്ടായിരുന്നു മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുട്ടിയെ എടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചു. ഇതിനിടയിൽ അടുത്ത ശൗചാലയത്തിൽനിന്ന് ഇറങ്ങിവന്ന യുവതിയോട് കാര്യം അന്വേഷിച്ചെങ്കിലും, നിഷേധിച്ചു. വസ്ത്രത്തിലുണ്ടായിരുന്ന രക്തക്കറ സംശയത്തിനിടയാക്കിയതോടെ, നാട്ടുകാർ അവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് കുട്ടി. അവിവാഹിതയായ യുവതി ഗർഭിണിയായിരുന്ന വിവരം വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു.
വീട്ടുകാരോടൊപ്പം ഗുണ്ടുമലയിലെ ബന്ധുക്കളുടെ വീട്ടിൽ സന്ദർശനം നടത്തി മടങ്ങുമ്പോഴാണ് പ്രസവിച്ചത്. ആശുപത്രിയധികൃതർ അറിയിച്ചതിനെത്തുടർന്ന് മൂന്നാർ പോലീസ് അന്വേഷണമാരംഭിച്ചു.
