അമ്മയെ കൊലപ്പെടുത്തിയ മകനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കേളകം: അമ്മയെ കഴുത്തറത്തു കൊന്ന മകൻ ക്രിസ്റ്റിയെ കൊളക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇന്നലെ മൂന്നരയോടെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി, കൊല ചെയ്ത സ്ഥലം തുടങ്ങിയവ പോലീസിനെ പ്രതി കാണിച്ചു. വീട്ടിലുണ്ടായിരുന്ന ക്രിസ്റ്റി ജോലി കഴിഞ്ഞെത്തിയ അമ്മയുമായി വഴക്കിടുകയായിരുന്നു.
തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ കുത്തി. കുത്തേറ്റ് കട്ടിലിൽ വീണ ഗീതമ്മയെ രണ്ടുതവണ കൂടി കുത്തുകയായിരുന്നു. തുടർന്ന് വല്യമ്മയോട് അമ്മയ്ക്ക് ഞാനൊരു പണി കൊടുത്തു എന്നു പറഞ്ഞതിനുശേഷം പുറത്ത് വരാന്തയിൽ ഇരുന്നതായി ക്രിസ്റ്റി പോലീസിനോട് പറഞ്ഞു.
ഏപ്രിൽ 24ന് രാത്രിയാണ് കേളകത്ത് മൊണാലിസ ബ്യൂട്ടി പാർലർ നടത്തുന്ന താന്നിക്കുന്നിലെ ഗീതമ്മയെ (53) മകൻ ക്രിസ്റ്റി (25) കൊലപ്പെടുത്തിയത്. ഒരു ദിവസത്തെ കസ്റ്റഡിയിലാണ് പോലീസ് വാങ്ങിയത്. തെളിവെടുപ്പിനുശേഷം വീണ്ടും ജയിലിലേക്ക് അയച്ചു.
