തൊണ്ടിയിൽ-കാഞ്ഞിരപ്പുഴ റോഡിലെ പാലം അപകടാവസ്ഥയിൽ
പേരാവൂർ: തൊണ്ടിയിൽ ടൗണിൽ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക് പോകുന്ന വഴിയിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള പാലം അപകടാവസ്ഥയിലായിട്ട് നാളുകളേറെയാകുന്നു. തകർന്നു വീഴാറായ കൈവരികളും കുളമായി മാറിയ പാലത്തിലെ കൂറ്റൻ കുഴികളും കാരണം ഇതുവഴിയുള്ള യാത്ര ദുസഹമാണ്.
മഴ ശക്തമായതോടെ പാലത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. വെള്ളക്കെട്ടിൽ കുഴികൾ ദൃശ്യമാകാത്തതിനാൽ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. പാലത്തിന്റെ ഇരുവശങ്ങളിലും കാട് മൂടിക്കിടക്കുന്നതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തത് അപകടസാധ്യത ഇരട്ടിയാക്കുന്നു.
രാത്രികാലങ്ങളിൽ ഇതുവഴി എത്തുന്ന യാത്രക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇരുട്ടിൽ കാടുമൂടിയ കൈവരികൾ തിരിച്ചറിയാനാകാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. തൊണ്ടിയിൽ നിന്നും കാഞ്ഞരപ്പുഴയിൽ നിന്നും എത്തുന്ന റോഡുകൾ പാലത്തിലേക്ക് ചേരുന്നത് കുത്തനെയുള്ള ഇറക്കത്തിലാണ്. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് പാലത്തിലെ കുഴികളിൽപ്പെടുകയോ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയോ ചെയ്യുന്നു. ശക്തമായ മഴയിൽ പാലത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഗതാഗതം പൂർണമായും തടസപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. നൂറുകണക്കിന് വിദ്യാർഥികളും പ്രദേശവാസികളും ദിവസേന ആശ്രയിക്കുന്ന പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
