പേരാവൂര്‍ ടൗണ്‍ മെഗാശുചീകരണം 26ന്; ബീക്കണ്‍ ടൗണ്‍ ഒന്നാംഘട്ട പ്രഖ്യാപനം ഒക്ടോബര്‍ രണ്ടിന്

Share our post

പേരാവൂര്‍: ജില്ലാ പഞ്ചായത്തിന്റെ ബീക്കണ്‍ ടൗണ്‍ പദ്ധതിയിലുള്‍പ്പെടുത്തിയ പേരാവൂര്‍ ടൗണില്‍ ശുചിത്വ-സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മെഗാ ശുചീകരണം നടത്താന്‍ പഞ്ചായത്ത് അവലോകന സമിതി യോഗത്തില്‍ തീരുമാനം. ഈ മാസം 26ന് രാവിലെ മുതലാണ് ശുചീകരണം. അന്നേ ദിവസം വ്യാപാര സ്ഥാപനങ്ങള്‍ 10 മണി വരെ ശുചിത്വ ഹര്‍ത്താല്‍ നടത്തും.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മെഗാ ശുചീകരണത്തില്‍ പങ്കാളികളാവും.

പേരാവൂര്‍ ടൗണിന് സമീപം കാടുമൂടിക്കിടക്കുന്ന വ്യക്തികളുടെ സ്ഥലത്തെ കാടുകള്‍ വെട്ടി ശുചീകരിക്കാന്‍ ഉടമസ്ഥര്‍ക്ക് അടുത്തദിവസം നോട്ടീസ് നല്‍കും. ശുചീകരിക്കാത്തപക്ഷം നിയമനടപടിയുണ്ടാവും. ടൗണില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, മറ്റു പ്രചരണവസ്തുക്കള്‍ എന്നിവ ഉടന്‍ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ഓരോ ബോര്‍ഡിനും 5000 രൂപ വീതം പിഴയിടുകയും നീക്കം ചെയ്യാനുള്ള ചിലവും ഈടാക്കും. രാഷ്ട്രീയപാര്‍ട്ടികളോ വ്യക്തികളോ സ്ഥാപിച്ച ദിശാസൂചികാ ബോര്‍ഡുകളും നീക്കം ചെയ്യണം.

ടൗണിലെ നടപ്പാതകള്‍ ശുചീകരിച്ച് സാധ്യമായ ഇടങ്ങളില്‍ പൂച്ചട്ടികള്‍ സ്ഥാപിക്കും. സാധ്യമായ സ്ഥലങ്ങളില്‍ ചുവര്‍ ചിത്രങ്ങള്‍ വരച്ച് സുന്ദരമാക്കും. ബീക്കണ്‍ ടൗണ്‍ ഒന്നാം ഘട്ട പ്രഖ്യാപനം ഒക്ടോബര്‍ രണ്ടിന് നടക്കും. ഇതിനു മുന്‍പായി ടൗണ്‍ ശുചീകരണം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ കൊട്ടിയൂര്‍ റോഡ് വീതി കൂട്ടാനും ടൗണിലെ നടപ്പാതകളെല്ലാം ക്രമപ്പെടുത്തി കൈവരികള്‍ സ്ഥാപിക്കാനുള്ള പദ്ധതികളും നടപ്പിലാക്കും. ടൗണില്‍ പുതുതായി വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കും.

അവലോകന യോഗത്തില്‍ പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്‍ അധ്യക്ഷയായി. പഞ്ചായത്തഗം റാണി ടോമി ബെയ്‌സ് ലൈന്‍ സര്‍വേ റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എ.രജീഷ്, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുള്‍ റഷീദ്, സുരേഷ് ചാലാറത്ത്, ബേബി സോജ, ഷീബ ഗോപിനാഥ്, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വ്യാപാരി നേതാക്കളായ പി.പുരുഷോത്തമന്‍, കെ.എം.ബഷീര്‍, പി.വി.ദിനേശ്ബാബു, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ കെ.സി.സനില്‍കുമാര്‍, പൊയില്‍ മുഹമ്മദ്, സി.ജയചന്ദ്രബോസ് തുടങ്ങിയവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!