സംഘം ചേർന്നുള്ള ട്രെയിൻ യാത്രകൾക്ക് പരിധിയില്ലാത്ത ബെർത്ത് ബുക്കിങ്, നിയമം പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവേ

Share our post

ന്യൂഡൽഹി: സംഘം ചേർന്നുള്ള യാത്രയ്ക്കുള്ള ട്രെയിൻ കോച്ച് ബുക്കിങ്ങ് നിയമങ്ങളിൽ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. വിവാഹം, പഠനയാത്രകൾ, തീർത്ഥാടനം, കായിക-സാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കായി ഒന്നിച്ച് യാത്ര ചെയ്യുന്നവർക്കുള്ള ബൾക്ക് ടിക്കറ്റ് ബുക്കിങിനായി മാറ്റിവെക്കാവുന്ന ബെർത്തുകളുടെ നിശ്ചിത പരിധി എടുത്തുകളഞ്ഞു. ചീഫ് റിസർവേഷൻ സൂപ്പർവൈസർമാർക്കും സ്റ്റേഷൻ മാനേജർമാർക്കും ബെർത്ത് പരിധിയില്ലാതെ ഗ്രൂപ്പ് ബുക്കിങ് അനുവദിക്കാൻ അധികാരമുണ്ടാകുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നേരത്തെ സ്ലീപ്പർ കോച്ചുകളിൽ 50% വരെയും എസി കോച്ചുകളിൽ 33% ശതമാനം വരെയുമായിരുന്നു ബുക്കിങ് പരിധി.

പ്രധാന റിസർവേഷൻ കൗണ്ടറുകളിൽ രാവിലെ 9 മണി മുതൽ ഗ്രൂപ്പ് ബുക്കിങ് അപേക്ഷകൾ സ്വീകരിക്കും. സാധാരണ യാത്രക്കാർക്കുള്ള അഡ്വാൻസ് റിസർവേഷൻ ആരംഭിച്ചതിന് ഒരു മണിക്കൂറിനു ശേഷമാണിത്.കൺഫേംഡ് , ആർ.എ.സി (വെയിറ്റ്ലിസ്റ്റ് തുടങ്ങി ഏത് ക്ലാസുകളിലെ ടിക്കറ്റുകൾക്കും ഈ സൗകര്യം ലഭ്യമാണ്.

യാത്രക്കാർ നേരിട്ട് ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് അപേക്ഷ സമർപ്പിക്കണം. ട്രാവൽ ഏജന്റുമാർ വഴി അപേക്ഷിക്കാൻ അനുവാദമില്ല (വിദേശ വിനോദസഞ്ചാരികൾ, എൻ.ആർ.ഐക്കാർ എന്നിവരുടെ ബുക്കിങ്ങിന് നിലവിലുള്ള ചട്ടങ്ങൾ തുടരും). അപേക്ഷയോടൊപ്പം എല്ലാ യാത്രക്കാരുടെയും പേര്, വയസ്സ്, ലിംഗഭേദം, വിലാസം, യാത്രയുടെ ലക്ഷ്യം എന്നിവ വ്യക്തമാക്കേണ്ടതുണ്ട്.

മടക്കയാത്രയ്ക്കുള്ള ബുക്കിങ് അതേ റിസർവേഷൻ ഓഫിസിൽ അനുവദിക്കുമെങ്കിലും അത് പ്രത്യേക ബുക്കിങ്ങായി മാത്രമായിരിക്കും പരിഗണിക്കുക. ദുരുപയോഗവും ടിക്കറ്റ് പൂഴ്ത്തിവെപ്പും തടയുന്നതിനായി അനുവദിച്ച ബുക്കിങ്ങുകൾക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും അപേക്ഷയിലും യാത്രക്കാരുടെ പട്ടികയിലും ഉദ്യോഗസ്ഥർ ഒപ്പും സീലും രേഖപ്പെടുത്തുകയും ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!