കടലും പവിഴപ്പുറ്റുകളും കാഴ്ചകളും; ലക്ഷദ്വീപിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ടൂർ പാക്കേജ്, അറിയാം മുഴുവൻ വിവരങ്ങൾ

Share our post

തിരുവനന്തപുരം: യാത്രാപ്രേമികൾക്ക് പുതിയ അവസരവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ലക്ഷദ്വീപിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന പുതിയ ടൂർ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ആരംഭിച്ച് അഗത്തി, കൽപ്പിട്ടി ദ്വീപുകൾ സന്ദർശിച്ച് കൊച്ചിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

3 രാത്രിയും 4 പകലുകളും നീളുന്ന പാക്കേജിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. യാത്രികരുടെ താൽപ്പര്യവും ബജറ്റും പരിഗണിച്ച് ഹോംസ്റ്റേ, റിസോർട്ട് എന്നീ രണ്ട് താമസ സൗകര്യങ്ങളും തിരഞ്ഞെടുക്കാം. പാക്കേജ് അനുസരിച്ച് മുഴുവൻ സമയ ഭക്ഷണവും ലഭ്യമാകും.

അഗത്തിയിൽ തുടങ്ങി യാത്ര

അഗത്തി വിമാനത്താവളത്തിലെത്തുന്ന യാത്രികരെ സ്വീകരിച്ച ശേഷം താമസസ്ഥലത്തേക്ക് കൊണ്ടുപോകും. ഉച്ചഭക്ഷണത്തിന് ശേഷം ലഗൂൺ ബീച്ച്, വെസ്റ്റേൺ ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേൺ ജെട്ടി എന്നിവിടങ്ങളിലേക്ക് സന്ദർശനം നടത്തും. വൈകുന്നേരം അന്ധൻ ബീച്ചിലെ സൂര്യാസ്തമയം ആസ്വദിച്ചാണ് ആദ്യ ദിവസത്തെ യാത്ര അവസാനിക്കുക.

രണ്ടാം ദിവസം സാഹസിക വിനോദങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം സ്നോർക്കെലിംഗ്, നീന്തൽ, ഡോൾഫിൻ വാച്ച്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങിയവയിൽ പങ്കെടുക്കാം.

കൽപ്പിട്ടിയിലേക്ക് ബോട്ട് യാത്ര

മൂന്നാം ദിവസം ഗ്ലാസ് ബോട്ട് റൈഡ്, ടർട്ടിൽ വാച്ച്, കയാക്കിംഗ് തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. തുടർന്ന് പ്രൈവറ്റ് ബോട്ടിൽ മനോഹരമായ കൽപ്പിട്ടി ദ്വീപിലേക്ക് പകൽ യാത്ര നടത്തും.

നാലാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം എയർപോർട്ട് നടപടികൾ പൂർത്തിയാക്കി കൊച്ചിയിലേക്ക് മടങ്ങും. യാത്രയ്ക്കിടെ ലക്ഷദ്വീപിന്റെ തനത് പലഹാരങ്ങളും ഫിഷ് അച്ചാറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാനും അവസരമുണ്ടാകും.

ഹോംസ്റ്റേയോ റിസോർട്ടോ തിരഞ്ഞെടുക്കാം

കുറഞ്ഞ ചെലവിൽ ദ്വീപിന്റെ പ്രാദേശിക ജീവിതവും സംസ്കാരവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഹോംസ്റ്റേ പാക്കേജ് തിരഞ്ഞെടുക്കാം. പ്രാദേശിക വീടുകളിലോ അവയോട് ചേർന്നുള്ള മുറികളിലോ ആയിരിക്കും താമസം.

കൂടുതൽ സ്വകാര്യതയും കടൽത്തീരത്തോട് ചേർന്നുള്ള താമസവും ആഗ്രഹിക്കുന്നവർക്ക് റിസോർട്ട് പാക്കേജാണ് മറ്റൊരു ഓപ്ഷൻ. ബീച്ചിലേക്ക് നേരിട്ടുള്ള പ്രവേശനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭിക്കും.

പാക്കേജിൽ എന്തൊക്കെ ഉൾപ്പെടും?

ലക്ഷദ്വീപ് എൻട്രി പെർമിറ്റ്, എയർപോർട്ട്/ജെട്ടി പിക്കപ്പ്-ഡ്രോപ്പ്, താമസം, മുഴുവൻ സമയ ഭക്ഷണം, കാഴ്ചകൾ കാണാനുള്ള യാത്ര, ഗ്ലാസ് ബോട്ട് യാത്ര, സ്നോർക്കെലിംഗ്, കയാക്കിംഗ്, ഡോൾഫിൻ വാച്ച്, ടർട്ടിൽ വാച്ച് എന്നിവ പാക്കേജിൽ ഉൾപ്പെടും. രണ്ട് പേർക്ക് ഒരു മുറി എന്ന രീതിയിലാണ് താമസ സൗകര്യം ഒരുക്കുന്നത്. കോംപ്ലിമെന്ററി വൈഫൈയും ട്രാവൽ ഇൻഷുറൻസും പാക്കേജിന്റെ ഭാഗമാണ്.

അതേസമയം സ്കൂബ ഡൈവിംഗ്, പാരാസെയിലിംഗ് തുടങ്ങിയ ചില ആക്ടിവിറ്റികൾക്ക് അധിക തുക നൽകണം. സ്കൂബ ഡൈവിംഗിന് ഒരാൾക്ക് 4,000 രൂപയും പാരാസെയിലിംഗിന് 3,500 രൂപയുമാണ് അധിക നിരക്ക്. നോൺ-വെജ് ഭക്ഷണം ആവശ്യമില്ലാത്തവർ ബുക്കിംഗ് സമയത്ത് തന്നെ ഇക്കാര്യം അറിയിക്കണം.

ബുക്കിംഗിന് 17 ദിവസം മുമ്പ് രേഖകൾ നൽകണം

യാത്രയ്ക്ക് കുറഞ്ഞത് 17 ദിവസം മുമ്പ് യാത്രക്കാരുടെ കൃത്യമായ വിവരങ്ങളും ലക്ഷദ്വീപ് പെർമിറ്റിനാവശ്യമായ രേഖകളും നൽകണം. സീറ്റ് ഉറപ്പാക്കുന്നതിനായി ബുക്കിംഗ് സമയത്ത് തന്നെ പാക്കേജിന്റെ മുഴുവൻ തുകയും അടയ്ക്കണം. രണ്ട് വയസ്സ് മുതലുള്ള കുട്ടികൾക്കും പൂർണ വിമാന ടിക്കറ്റ് നിരക്ക് ബാധകമാണ്.

കാലാവസ്ഥയിലും ശ്രദ്ധ വേണം

പവിഴപ്പുറ്റുകൾ നിറഞ്ഞ ദ്വീപുകളായതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങളും കടൽക്ഷോഭവും യാത്രാ പദ്ധതിയെ ബാധിച്ചേക്കാം. അതിനാൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ യാത്രികർ കർശനമായി പാലിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകളുള്ളവർ അവ യാത്രയ്ക്കിടെ നിർബന്ധമായും കൈവശം കരുതണമെന്നും നിർദേശമുണ്ട്. ലക്ഷദ്വീപിലേക്കുള്ള ഈ പാക്കേജിന്റെ ബുക്കിംഗും കൂടുതൽ വിവരങ്ങളും അറിയാൻ സമീപത്തുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കൗണ്ടറുകളുമായി ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!