നാട് ഓടി, കൂടെ പാച്ചുവും; ഇന്ത്യയിൽ മാരത്തണിൽ പങ്കെടുക്കുന്ന ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട്
തിരുവനന്തപുരം: കോവളം മാരത്തണിൽ ഓടി ‘പാച്ചു’ റോബോട്ടും. ഇന്ത്യൻ മാരത്തൺ ചരിത്രത്തിൽ ആദ്യമായാണ് ഹ്യൂമനോയ്ഡ് റോബോട്ട് പങ്കെടുക്കുന്നത്. യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററാണ് മാരത്തണിനു നേതൃത്വം നൽകിയത്. ആരോഗ്യമുള്ള ശരീരം, ആരോഗ്യകരമായ മനസ്സ്, ആരോഗ്യകരമായ സമൂഹം എന്ന സന്ദേശം മുൻനിർത്തിയാണ് മാരത്തൺ സംഘടിപ്പിച്ചത്. 19 സംസ്ഥാനങ്ങളിൽനിന്നും ആറ് രാജ്യങ്ങളിൽനിന്നുമായി ഏകദേശം 3,000 പേർ പങ്കെടുത്തു.
ലഹരിക്കെതിരായ സന്ദേശം ഉയർത്തി ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ചാണ് മാരത്തൺ സംഘടിപ്പിച്ചത്. ഐ.ജി. സ്പർജൻകുമാർ ‘പ്രോജക്ട് തൂഫാൻ’ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി കെ. മുരളീധരൻ, എം. വിൻസെന്റ് എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി.
എസ്.പി. അശ്വതി ജിജി, തിരുവനന്തപുരം സിറ്റി ഡി.സി.പി.മാരായ ദീപക്, ഷഹൻഷാ, യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ ചെയർ ബിൻസി, മാത്യു ജേക്കബ്, യങ് ഇന്ത്യൻസ് ജില്ലാ കോ-ചെയർ എ.ആർ. വിഷ്ണു, കോവളം മാരത്തൺ ചെയർ അനീഷ് ചാക്കോ, റേസ് ഡയറക്ടർ ഷിനോമോൾ, എസ്.യു.ടി. ഹോസ്പിറ്റൽ സി.ഇ.ഒ. കേണൽ രാജീവ് മണ്ണാളി, അനസ്, അഗസ്ത്യം കളരിയിലെ മഹേഷ് ഗുരുക്കൾ എന്നിവർ പങ്കെടുത്തു.
